മഴ, മണ്ണിടിച്ചില്‍; 18 മലയാളികള്‍ അടക്കമുള്ള വിനോദസഞ്ചാരികള്‍ ഹിമാചലില്‍ കുടുങ്ങി
ഷിംല: മഴയും മണ്ണിടിച്ചിലും തുടരുന്ന ഹിമാചല്‍പ്രദേശില്‍ മലയാളികളുള്‍പ്പെടെയുള്ള വിനോദസഞ്ചാരികള്‍ കുടുങ്ങി. സംഘത്തില്‍ 18 മലയാളികളാണുള്ളത്. അഞ്ച് തമിഴ്നാട്ടുകാരും രണ്ട് ഉത്തരേന്ത്യക്കാരും സംഘത്തിലുണ്ട്. ശനിയാഴ്ച ഷിംലയിലേക്ക് പോകുന്നവഴി ഇവര്‍ സഞ്ചരിച്ച പാതയില്‍ മണ്ണിടിച്ചിലുണ്ടാവുകയായിരുന്നു. കല്‍പ്പ എന്ന ഗ്രാമത്തിലാണ് നിലവില്‍ സംഘമുള്ളത്. എയര്‍ലിഫ്റ്റിങ് വേണമെന്നതാണ് വിനോദസഞ്ചാരികളുടെയും ആവശ്യം. കല്‍പ്പയില്‍നിന്ന് ഷിംലയിലേക്കെത്താന്‍ റോഡുമാര്‍ഗം എട്ടുമണിക്കൂര്‍ സഞ്ചരിക്കേണ്ടതായുണ്ട്. മഴയും മണ്ണിടിച്ചിലുമുള്ള അവസ്ഥയില്‍ ഇത് സാധ്യമല്ല. അതിനാലാണ് വ്യോമമാര്‍ഗമുള്ള സഹായം സംഘം തേടുന്നത്.