കുടക് ജില്ലയില്‍ ട്രെക്കിംഗിനിടെ കാണാതായ മലയാളി യുവതിയെ ഇനിയും കണ്ടെത്താനായില്ല
ബെംഗളൂരു; കര്‍ണാടകയിലെ കുടക് ജില്ലയില്‍ ട്രെക്കിംഗിനിടെ കാണാതായ മലയാളി യുവതിയെ ഇനിയും കണ്ടെത്താനായില്ല. ഇവരെ കണ്ടെത്താനുള്ള തിരച്ചില്‍ മൂന്നാം ദിവസത്തിലേക്ക് കടന്നു. കൊച്ചിയില്‍ നിന്നുള്ള ഐടി പ്രൊഫഷണലായ ശരണ്യ ജി എസ് (36) എന്ന യുവതിയെയാണ് വ്യാഴാഴ്ച മുതല്‍ കാണാതായത്. പോലിസ്, വനംവകുപ്പ് ഉദ്യോഗസ്ഥരും നാട്ടുകാരും ചേര്‍ന്ന് അഞ്ച് സംഘങ്ങളായി തിരിച്ചാണ് തിരച്ചില്‍ നടക്കുന്നത്. ഡ്രോണുകളും സ്‌നിഫര്‍ നായകളെയും ഉപയോഗിച്ച് വനത്തിന് അകത്തും മറ്റ് വഴികളിലും പരിശോധന നടത്തുന്നുണ്ട്.
കുടകിലെ ഏറ്റവും ഉയര്‍ന്ന കൊടുമുടിയായ തടിയന്‍ഡമോള്‍ കയറാനെത്തിയതായിരുന്നു ശരണ്യ .ഏപ്രില്‍ 2-ന് ഒറ്റയ്ക്കാണ് കൊച്ചിയില്‍ നിന്ന് ശരണ്യ കുടകിലെത്തിയത്. നാപ്പോക്ലുവിനടുത്തുള്ള യാവകപാടി ഗ്രാമത്തിലെ ഹോംസ്റ്റേയിലാണ് താമസിച്ചിരുന്നത്.
ഏപ്രില്‍ 2-ന് രാവിലെ 8:15-ഓടെ വനംവകുപ്പിന്റെ അനുമതി വാങ്ങിയാണ് ട്രെക്കിംഗ് ആരംഭിച്ചത്. കാട്ടാന ശല്യമുള്ളതിനാല്‍ മറ്റ് 10 പേര്‍ അടങ്ങുന്ന സംഘത്തിനൊപ്പം പോകാന്‍ ശരണ്യക്ക് വനംവകുപ്പിന്റെ നിര്‍ദേശമുണ്ടായിരുന്നു. എന്നാല്‍ പത്തു പേര്‍ക്കൊപ്പം യാത്ര തുടങ്ങിയ ശരണ്യ അവവര്‍ തിരിച്ചെത്തിയിട്ടും തിരിച്ചു വന്നില്ല. തുടര്‍ന്ന് തനിക്ക് വഴിതെറ്റിയതായി ശരണ്യ ഹോംസ്റ്റേ ജീവനക്കാരെ ഫോണിലൂടെ അറിയിച്ചിരുന്നു. എന്നാല്‍ പിന്നീട് ഫോണ്‍ സിഗ്‌നല്‍ നഷ്ടപ്പെട്ടു. ഫോണ്‍ സ്വിച്ച് ഓഫ് ആവുകയും ചെയ്തു.