ബെംഗളൂരു: കന്നഡ സീരിയല്‍ നടിക്ക് അശ്ലീലചിത്രങ്ങള്‍ അയച്ച മലയാളി യുവാവ് അറസ്റ്റില്‍. വൈറ്റ്ഫീല്‍ഡില്‍ താമസിക്കുന്ന നവീന്‍ കെ മോനാണ് അറസ്റ്റിലായത്. സമൂഹമാധ്യമം വഴി നിരന്തരം അശ്ലീല സന്ദേശം അയച്ചെന്നാണ് പരാതി. നടി നേരിട്ട് വിളിച്ചു വിലക്കിയിട്ടും സന്ദേശം അയയ്ക്കുന്നത് തുടര്‍ന്നുവെന്നും അശ്ലീല ചിത്രങ്ങളും വിഡിയോയും അയച്ച് അപമാനിച്ചുവെന്നുമാണ് പരാതിയില്‍ പറയുന്നത്. തെലുങ്ക്, കന്നഡ സീരിയലുകളില്‍ സജീവമാണ് നടി. സ്വകാര്യ കമ്പനിയിലെ ഡെലിവറി മാനേജറാണ് നവീന്‍.
മൂന്നു മാസങ്ങള്‍ക്കുമുന്‍പ് സമൂഹമാധ്യമമായ ഫെയ്‌സ്ബുക്കില്‍ 'നവീന്‍സ്' എന്ന ഐഡിയില്‍നിന്ന് ഫ്രണ്ട്‌സ് റിക്വസ്റ്റ് നടിക്ക് വന്നിരുന്നു. ഫ്രണ്ട്‌സ് റിക്വസ്റ്റ് സ്വീകരിച്ചില്ലെങ്കിലും ഇയാള്‍ സ്വകാര്യ ഭാഗങ്ങളുടെ ചിത്രങ്ങളെടുത്ത് മെസഞ്ചറിലൂടെ ദിവസവും അയച്ചിരുന്നു. ഇതേത്തുടര്‍ന്ന് നടി ഇയാളെ ബ്ലോക്ക് ചെയ്തു. എന്നാല്‍ പിന്നീട് പല പുതിയ അക്കൗണ്ടുകളും വഴി ഇയാള്‍ നടിക്ക് അശ്ലീല സന്ദേശങ്ങളും ചിത്രങ്ങളും അയയ്ക്കുന്നതു തുടര്‍ന്നു. നവംബര്‍ 1ന് യുവാവ് നടിക്ക് സന്ദേശം അയച്ചപ്പോള്‍ നേരിട്ടു കാണാന്‍ നടി ആവശ്യപ്പെട്ടു. നേരിട്ട് കണ്ടപ്പോള്‍ ഇത്തരം സന്ദേശങ്ങള്‍ അയയ്ക്കുന്നത് അവസാനിപ്പിക്കണം എന്ന് അവര്‍ ആവശ്യപ്പെട്ടു. എന്നാല്‍ നവീന്‍ കേള്‍ക്കാന്‍ തയാറായില്ല. ഇതേത്തുടര്‍ന്നാണ് അവര്‍ അന്നപൂര്‍ണേശ്വരി പോലിസിനെ സമീപിച്ചത്.