മലപ്പുറം ജില്ലാ പഞ്ചായത്ത് ബജറ്റ് നിരാശാജനകം: എസ്ഡിപിഐ

Update: 2025-03-02 14:20 GMT

മലപ്പുറം: ജില്ലാ പഞ്ചായത്തിന്റെ വാര്‍ഷിക ബജറ്റ് നിരാശാജനകമെന്ന് എസ്ഡിപിഐ ജില്ലാ സെക്രട്ടേറിയറ്റ് യോഗം അഭിപ്രായപ്പെട്ടു. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ളതും എന്നാല്‍ വികസനത്തില്‍ ഏറെ പിന്നിലുള്ളതുമായ ജില്ല എന്ന നിലയ്ക്കുള്ള ബജറ്റല്ല ജില്ലാ പഞ്ചായത്ത് അവതരിപ്പിച്ചിട്ടുള്ളത്. ഈ ബജറ്റില്‍ പ്രഖ്യാപിച്ച പല പദ്ധതികളും കഴിഞ്ഞ വര്‍ഷത്തെ ബജറ്റിലും അവതരിപ്പിക്കപ്പെട്ടതാണെന്ന ആക്ഷേപം ഇതിനോടകം തന്നെ ഉയര്‍ന്നുവന്നിട്ടുണ്ട്.

ജില്ല ഏറ്റവും കൂടുതല്‍ പ്രതിസന്ധി നേരിടുന്ന വിദ്യാഭ്യാസ, ആരോഗ്യ, വ്യാവസായിക മേഖലക്ക് ഉണര്‍വ് നല്‍കുന്ന പദ്ധതികളൊന്നും ഉണ്ടായിട്ടില്ല. കഴിഞ്ഞ ബജറ്റിലെ പദ്ധതികളിലെ പ്രാരംഭ നടപടികള്‍ തുടങ്ങിവെക്കാന്‍ പോലും സാധിക്കാതെയാണ് ഭരണസമിതി അവസാന ബജറ്റ് അവതരിപ്പിച്ചിരിക്കുന്നതെന്നും സെക്രട്ടേറിയേറ്റ് യോഗം അഭിപ്രായപ്പെട്ടു.

ജില്ലാ പ്രസിഡന്റ് അന്‍വര്‍ പഴഞ്ഞി അധ്യക്ഷത വഹിച്ചു. എ സൈതലവി ഹാജി, എ ബീരാന്‍ കുട്ടി, എന്‍ മുര്‍ശിദ് ശമീം, മുസ്തഫ പാമങ്ങാടന്‍, ഉസ്മാന്‍ കരുളായി, കെ മുഹമ്മദ് ബഷീര്‍, പികെ സുജീര്‍, ഇര്‍ഷാദ് മൊറയൂര്‍ എന്നിവര്‍ സംസാരിച്ചു