മലാപ്പറമ്പ് പെണ്‍വാണിഭക്കേസ്; രണ്ട് പോലിസുകാര്‍ക്ക് സസ്‌പെന്‍ഷന്‍

Update: 2025-06-12 03:55 GMT

കോഴിക്കോട്: മലാപ്പറമ്പ് പെണ്‍വാണിഭക്കേസില്‍ രണ്ട് പോലിസുകാരും പ്രതികള്‍. കണ്‍ട്രോള്‍ റൂം െ്രെഡവര്‍മാരായ കെ ഷൈജിത്ത്, കെ സനിത്ത് എന്നിവരെയാണ് 11ഉം 12ഉം പ്രതികളാക്കിയത്. ഇതിനുപിന്നാലെ ഇരുവരെയും ഇന്നലെ വൈകീട്ടോടെ സസ്‌പെന്‍ഡ് ചെയ്തു. മലാപ്പറമ്പില്‍ ഒരു അപ്പാര്‍ട്ട്‌മെന്റ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചിരുന്ന പെണ്‍വാണിഭകേന്ദ്രം വെള്ളിയാഴ്ചയാണ് നടക്കാവ് പോലിസ് റെയ്ഡ് ചെയ്തത്. നടത്തിപ്പുകാരിയായ വയനാട് ഇരുളം സ്വദേശി ബിന്ദുവടക്കം ഒന്‍പതുപേരെയാണ് അന്ന് അറസ്റ്റുചെയ്തത്. തുടരന്വേഷണത്തിലാണ് പോലിസുകാര്‍ക്കെതിരേ തെളിവുകിട്ടിയതും ഇവരെ പ്രതിപ്പട്ടികയില്‍ ചേര്‍ത്തതും. നടത്തിപ്പുകാരിയുടെ സുഹൃത്ത് ഗള്‍ഫിലുള്ള ബാലുശ്ശേരി വട്ടോളിബസാര്‍ സ്വദേശി അമനീഷ് കുമാറിനെ കേസില്‍ പത്താംപ്രതിയായും ചേര്‍ത്തിട്ടുണ്ട്.

അമനീഷിന്റെ അക്കൗണ്ടില്‍നിന്ന് ഷൈജിത്തിന്റെ അക്കൗണ്ടിലേക്ക് പണം വന്നുവെന്നാണ് അന്വേഷണത്തില്‍ കണ്ടെത്തിയത്. ഷൈജിത്തിന്റെ അക്കൗണ്ട് വിവരങ്ങളും ഏതെല്ലാം ബാങ്കിലാണ് പണം നിക്ഷേപിച്ചിട്ടുള്ളതെന്നും അന്വേഷണസംഘം പരിശോധിച്ചുവരികയാണെന്ന് നടക്കാവ് പോലിസ് വ്യക്തമാക്കി. ഈ പോലിസുകാര്‍ മൂന്നുവര്‍ഷംമുന്‍പ് മെഡിക്കല്‍ കോളജ് പോലിസ് സ്‌റ്റേഷനില്‍ ജോലിചെയ്യുമ്പോള്‍ ബിന്ദു സമാനമായ കേസില്‍ പിടിയിലായിരുന്നു. അന്ന് തുടങ്ങിയ പരിചയമാണ് പിന്നീട് കൂടുതല്‍ അടുപ്പത്തിലേക്കുനയിച്ചത്.