'വിദ്വേഷം മാത്രം രാഷ്ട്രീയ ചര്‍ച്ചയാക്കുന്നത് കേരളത്തിന്റെ മതനിരപേക്ഷതക്ക് ഭീഷണി'; പിഡിപി

ലീഗിന്റെ സ്വഭാവ സല്‍ട്ടിഫിക്കറ്റ് പിഡിപിക്ക് വേണ്ട

Update: 2026-01-20 09:59 GMT

കൊല്ലം: വിദ്വേഷവും വര്‍ഗീയതയും ചര്‍ച്ചയാകുന്നിടത്ത് പിഡിപിയുടെ മേല്‍ തീവ്രവാദ ചാപ്പ കുത്തുന്നത് ലീഗിന്റെ രാഷ്ട്രീയ പാപ്പരത്തമാണെന്ന് പിഡിപി നേതാക്കള്‍ പറഞ്ഞു. മുസ് ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി എം എ സലാം സ്വന്തം പാര്‍ട്ടിക്കുമേല്‍ വന്ന് പതിക്കുന്ന രാഷ്ട്രീയ ആരോപണങ്ങള്‍ക്ക് മറുപടി കൊടുക്കാന്‍ കഴിയാതെ വന്നപ്പോഴാണ് പിഡിപിക്കെതിരേ ഉണ്ടയില്ലാ വെടി പൊട്ടിച്ചത്. മുസ് ലിം ലീഗിന് തീവ്രത പോരെന്ന് ഏറ്റവും കൂടുതല്‍ പറഞ്ഞതും പ്രചരിപ്പിച്ചതും ഐഎന്‍എല്‍ നേതാവും ഇടതുപക്ഷത്തോടൊപ്പം ചേര്‍ന്ന് എംഎല്‍എയുമായ പി എം എ സലാം തന്നെയാണ്. മുസ് ലിം ലീഗിനെതിരേയും പി എം എ സലാം മുന്‍പ് തീവ്രവാദി ബന്ധം ആരോപിച്ചിട്ടുള്ളതിന് തെളിവുകളുണ്ട്.

ഇപ്പോള്‍ ലീഗിന്റെ ജനറല്‍ സെക്രട്ടറി സ്ഥാനത്തിരുന്ന് സമസ്ത അടക്കമുള്ള സാമുദായിക സംഘടനകളില്‍ വിഭാഗീയത സൃഷ്ടിക്കുന്ന പ്രവര്‍ത്തനമാണ് സലാം ചെയ്തുകൊണ്ടിരിക്കുന്നത്. പിഡിപിക്കെതിരേ തീവ്രവാദ ആരോപണം ഉന്നയിക്കുന്ന സലാം കേരളത്തിലെ ഏതെങ്കിലും ഒരു പ്രവര്‍ത്തകന്‍ ശിക്ഷിക്കപ്പെട്ട കേസ് വെളിപ്പെടുത്താന്‍ തയ്യാറാകണം. എന്നാല്‍ കേരളത്തില്‍ സാമുദായിക കലാപങ്ങളില്‍, രാഷ്ട്രീയ കലാപങ്ങളില്‍, വര്‍ഗീയകലാപങ്ങളില്‍ കൊന്നവരും കൊല്ലപ്പെട്ടവരും പ്രതികളും കുറ്റവാളികളുമായ ലീഗ് പ്രവര്‍ത്തകരുടേയും നേതാക്കളുടേയും നീണ്ട ലിസ്റ്റ് നമുക്ക് മുന്നിലുണ്ട്. സംഘ്പരിവാരത്തിനും ആര്‍എസ്എസിനും വെള്ളാപ്പള്ളി ഉള്‍പ്പെടേയുള്ള വിദ്വേഷ പ്രചാരകര്‍ക്കും വെള്ളവും വളവും പ്രചാരണആയുധവും നല്‍കുന്നത് മുസ് ലിം ലീഗ് കൂടിയാണ്.

മലപ്പുറത്തേയും കാസര്‍ഗോഡ് മുനിസിപ്പാലിറ്റിയിലേയും ജയിച്ചു വന്നവരെ നോക്കിയാല്‍ വര്‍ഗീയത തിരിച്ചറിയാമെന്ന മന്ത്രി സജി ചെറിയാന്റെ പ്രസ്താവന മതനിരപേക്ഷ കേരളത്തില്‍ ഒരു ഇടതുപക്ഷ പ്രവര്‍ത്തകനില്‍ നിന്ന് പോലും ഉണ്ടായിക്കൂടാത്തതാണ്. സംഘ്പരിവാര്‍ പ്രചരിപ്പിക്കാന്‍ ശ്രമിക്കുന്ന വിദ്വേഷ പ്രസ്താവനകള്‍ മതേതര ഭരണകൂടത്തിന്റെ മന്ത്രിയില്‍ നിന്നുതന്നെയുണ്ടാകുന്നത് പ്രതിഷേധാര്‍ഹവുമാണ്. പ്രസ്താവന തിരുത്താന്‍ മന്ത്രി സജി ചെറിയാന്‍ തയ്യാറാകണം. വര്‍ഗീയധ്രുവീകരണ നീക്കം ആരുടെ ഭാഗത്ത് നിന്നുണ്ടായാലും കേരളത്തിന്റെ മതേതര ചിന്തകള്‍ക്കും മൂല്യങ്ങള്‍ക്കും കേരളത്തിന്റെ ഭാവിക്കും വലിയ അപകടം ചെയ്യും. അക്കാര്യത്തില്‍ രാഷ്ട്രീയ പാര്‍ട്ടികളും നേതാക്കളും ജാഗ്രത പാലിക്കേണ്ടതാണ്. ഒരു വാക്ക് കൊണ്ട് പോലും മതേതരത്വത്തെ മുറിവേല്പിക്കുന്ന പ്രസ്താവനകള്‍ ആരുടെ ഭാഗത്ത് നിന്നും ഉണ്ടായിക്കൂടാ.

സംഘ്പരിവാറും വെള്ളാപ്പള്ളി നടേശനുള്‍പ്പെടേയുള്ള വിദ്വേഷ പ്രചാരകരും ഏറെക്കാലമായി കേരളത്തില്‍ പ്രചരിപ്പിക്കാന്‍ ശ്രമിക്കുന്നത് മുസ് ലിം സമുദായം അനര്‍ഹമായി അധികാരവും ഉദ്യോഗവും കയ്യടക്കിയെന്ന പച്ചക്കള്ളമാണ്. അധികാരത്തിലും ഉദ്യോഗതലത്തിലും സമുദായം തിരിച്ചുള്ള ജനസംഖ്യാനുപാതിക പ്രാതിനിധ്യം പരിശോധിച്ചാല്‍ മുസ് ലിം സമുദായം നേരിടുന്ന പിന്നോക്കാവസ്ഥ വെളിപ്പെടുമെന്നിരിക്കെ അത്തരം യാഥാര്‍ത്ഥ്യങ്ങളെ അവതരിപ്പിച്ചുകൊണ്ടാകണം ചര്‍ച്ചകളുണ്ടാകേണ്ടത്.

വരുന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ രാഷ്ട്രീയ നിലപാട് ചര്‍ച്ച ചെയ്യാന്‍ ജില്ലാതല പ്രതിനിധി സംഗമങ്ങള്‍ക്ക് ശേഷം ജനുവരി 29ന് എറണാകുളത്ത് സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ചേരുന്നുണ്ട്. യോഗ തീരുമാനമനുസരിച്ച് ഒറ്റക്ക് മല്‍സരിക്കണോ മുന്നണികളെ പിന്തുണക്കണോ എന്നത് സംബന്ധിച്ച് ചെയര്‍മാന്റെ അനുമതി തേടുമെന്ന് നേതാക്കള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. വൈസ് ചെയര്‍മാന്‍ അഡ്വ. മുട്ടം നാസര്‍, സംസ്ഥാന ജനറല്‍ സെക്രട്ടറി മൈലക്കാട് ഷാ, സെക്രട്ടറിയേറ്റ് അംഗം ബി എന്‍ ശശികുമാര്‍, ജില്ലാ സെക്രട്ടറി ബ്രൈറ്റ് സൈഫുദ്ദീന്‍, ജില്ലാ ഭാരവാഹികളായ സതീശന്‍ ചവറ, നാസര്‍ അഞ്ചാലുംമൂട് തുടങ്ങിയവര്‍ പങ്കെടുത്തു.