തെല്‍അവീവ്: ഭൂരിഭാഗം ഇസ്രായേലികളും വിദേശത്ത് പോവാന്‍ ഭയപ്പെടുന്നുവെന്ന് അഭിപ്രായ സര്‍വേ ഫലം. ഗസയിലെ അധിനിവേശത്തിനെതിരേ ലോകരാജ്യങ്ങളില്‍ വിമര്‍ശനം ഉയരുന്നതിനാല്‍ വിദേശയാത്രകള്‍ക്ക് പോവാന്‍ ഭയമാണെന്ന് 56 ശതമാനം ജൂതന്‍മാരും അഭിപ്രായപ്പെട്ടതായി ചാനല്‍ 12 നടത്തിയ സര്‍വേയുടെ ഫലം പറയുന്നു. ഇസ്രായേലിലെ ജൂതന്‍മാരുടെ താല്‍പര്യങ്ങള്‍ അല്ല സര്‍ക്കാര്‍ നടപ്പാക്കുന്നതെന്ന് 67 ശതമാനം പേരും അഭിപ്രായപ്പെട്ടു. കേവലം 29 ശതമാനം പേരാണ് സര്‍ക്കാര്‍ തങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നുവെന്ന് അവകാശപ്പെട്ടത്. ഗസയില്‍ കുടിയേറ്റ കേന്ദ്രങ്ങള്‍ സ്ഥാപിക്കുന്നതിനെ 49 ശതമാനം പേര്‍ എതിര്‍ത്തു. ബെഞ്ചമിന്‍ നെതന്യാഹുവിന്റെ നേതൃത്വത്തിന് 55 ശതമാനം ജൂതന്‍മാരും എതിരാണ്. പ്രതിരോധ മന്ത്രി ഇസ്രായേല്‍ കാറ്റ്‌സിനെ 53 ശതമാനം പേരും വിദേശകാര്യമന്ത്രി ഗിഡിയണ്‍ സാറിനെ 57 ശതമാനം പേരും ധനമന്ത്രി ബെസലേല്‍ സ്‌മോട്രിച്ചിനെ 67 ശതമാനം പേരും എതിര്‍ക്കുന്നു.