ജാതി വിവേചന വിരുദ്ധ നയം അമേരിക്കന്‍ ഹിന്ദുക്കളുടെ അവകാശങ്ങളെ ഹനിക്കുമെന്ന ഹരജി തള്ളി
കാലിഫോണിയ: യുഎസിലെ കാലിഫോണിയ സംസ്ഥാനത്തെ പൗരാവകാശ വകുപ്പിന്റെ ജാതി വിരുദ്ധ നയങ്ങള്‍ അമേരിക്കന്‍ ഹിന്ദുക്കളുടെ ഭരണഘടനാപരമായ അവകാശങ്ങള്‍ ലംഘിച്ചെന്ന ഹരജി ജില്ലാ കോടതി തള്ളി. ഹിന്ദു അമേരിക്കന്‍ ഫൗണ്ടേഷന്‍ നല്‍കിയ ഹരജിയാണ് കിഴക്കന്‍ കാലിഫോണിയ കോടതി ജൂലൈ 18ന് തള്ളിയത്. ഇത്തരമൊരു ഹരജി നല്‍കാന്‍ ഫൗണ്ടേഷന് യാതൊരുവിധ അവകാശങ്ങളോ ഉചിതമായ വാദങ്ങളോ ഇല്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.
ജാതി ഹിന്ദുമതത്തിന്റെ അവിഭാജ്യ ഘടകമല്ലെന്ന് അവകാശപ്പെടുന്ന ഫൗണ്ടേഷന്‍ ജാതി അടിസ്ഥാനമാക്കിയ വിവേചനങ്ങള്‍ക്കെതിരായ സംരക്ഷണങ്ങള്‍ ഹിന്ദുക്കളുടെ മതപരമായ അവകാശങ്ങളെ ലംഘിക്കുന്നുവെന്ന് വാദിക്കുകയാണെന്നും അത് കപടതയാണെന്നും ജഡ്ജി പറഞ്ഞു. പൗരാവകാശ വകുപ്പിന്റെ നയം യുഎസിലെ ഹിന്ദുക്കളുടെ മതപരമായ അവകാശങ്ങളെയും തുല്യതയേയും ബാധിക്കില്ലെന്നും ജഡ്ജി ചൂണ്ടിക്കാട്ടി. യുഎസിലെ എല്ലാ ഹിന്ദുക്കള്‍ക്കും വേണ്ടി ഈ സംഘടന പ്രവര്‍ത്തിക്കുന്നതിന് തെളിവില്ലെന്നും കോടതി വ്യക്തമാക്കി. വിധിയെ യുഎസിലെ അംബേദ്കര്‍ കിങ് സ്റ്റഡി സര്‍ക്കിള്‍ സ്വാഗതം ചെയ്തു. ജാതി വിവേചനം നടത്തുന്നവര്‍ക്കെതിരേ നിയമനടപടിയെടുക്കാന്‍ ഇത് സഹായിക്കുമെന്ന് സര്‍ക്കിള്‍ അറിയിച്ചു. സിസ്‌കോ കമ്പനിയില്‍ നടന്ന ജാതി വിവേചനത്തിലും ഇനി നടപടിയെടുക്കാം.