ഡല്‍ഹിയില്‍ ഐഎന്‍എ ഫ്‌ലൈഓവറിനു സമീപം വന്‍ തീപിടിത്തം

സഫ്ദര്‍ജംഗില്‍ എന്‍ഡിഎംസി ഗോഡൗണ്‍ കത്തിയമരുന്നു, അണയ്ക്കാന്‍ തീവ്രശ്രമം

Update: 2026-02-06 15:32 GMT

ന്യൂഡല്‍ഹി: ഡല്‍ഹി സഫ്ദര്‍ജംഗ് വിമാനത്താവളത്തിനു സമീപമുള്ള എന്‍ഡിഎംസി ഗോഡൗണില്‍ വന്‍ തീപിടിത്തം. പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങളും സിലിണ്ടറുകളും സൂക്ഷിച്ചിരുന്ന ഗോഡൗണിലാണ് തീപിടിത്തമുണ്ടായത്. ഗോഡൗണിനുള്ളിലുണ്ടായിരുന്ന സിലിണ്ടറുകള്‍ വലിയ ശബ്ദത്തോടെ പൊട്ടിത്തെറിച്ചു. പ്രദേശത്തെ മരങ്ങളുള്‍പ്പെടെ കത്തിനശിച്ചിട്ടുണ്ട്. സുരക്ഷാ മുന്‍കരുതലിന്റെ ഭാഗമായി സമീപത്തെ ഫ്‌ലൈ ഓവറിലൂടെയുള്ള ഒരു വശത്തെ ഗതാഗതം പൂര്‍ണ്ണമായും നിര്‍ത്തിവെച്ചു.

വിമാനത്താവളത്തിന് തൊട്ടടുത്തായതിനാല്‍ അതീവ ജാഗ്രതയോടെയാണ് അഗ്‌നിശമന സേന നീങ്ങുന്നത്. എട്ട് യൂണിറ്റ് ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തി തീയണയ്ക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. കനത്ത പുകയും ചൂടും കാരണം രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമാണ്. ഗോഡൗണിനുള്ളില്‍ ആരെങ്കിലും കുടുങ്ങിക്കിടക്കുന്നുണ്ടോ എന്ന കാര്യത്തില്‍ നിലവില്‍ വ്യക്തതയില്ല. ഫയര്‍ഫോഴ്‌സിന്റെ കൂടുതല്‍ സംഘങ്ങള്‍ സ്ഥലത്തേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. തീ നിയന്ത്രണവിധേയമാക്കാനുള്ള തീവ്രശ്രമമാണ് നടന്നു കൊണ്ടിരിക്കുന്നത്.