''വരാനിരിക്കുന്ന കാര്യങ്ങള്‍': ബംഗ്ലാദേശിലെ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്റെ അറസ്റ്റിന്റെ ചിത്രം പോസ്റ്റ് ചെയ്ത് മഹുവ മൊയ്ത്ര
കൊല്‍ക്കത്ത: ബംഗ്ലാദേശിലെ മുന്‍ തെരഞ്ഞെടുപ്പ് കമ്മീഷണറെ തെരഞ്ഞെടുപ്പ് കൃത്രിമത്വ കേസില്‍ അറസ്റ്റ് ചെയ്തതിന്റെ പഴയ ഫോട്ടോ പങ്കുവെച്ച് തൃണമൂല്‍ കോണ്‍ഗ്രസ് (ടിഎംസി) നേതാവ് മഹുവ മൊയ്ത്ര. ഇന്ത്യയുടെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ മേധാവി ഭരണകക്ഷിയായ ബിജെപിയുമായി ഒത്തുകളിച്ച് തിരഞ്ഞെടുപ്പുകളില്‍ കൃത്രിമം കാണിക്കുന്നു എന്ന ഇന്ത്യ മുന്നണിയുടെ ആരോപണത്തെ പരാമര്‍ശിച്ചുകൊണ്ട് ഇത് 'വരാനിരിക്കുന്ന കാര്യങ്ങളുടെ' സൂചനയാണെന്ന് അവര്‍ പറഞ്ഞു. എന്നാല്‍, ബിജെപി മഹുവക്കെതിരേ രംഗത്തെത്തി. 'മഹുവ മൊയ്ത്ര ഇന്ത്യന്‍ പാര്‍ലമെന്റ് അംഗമാണ്, പക്ഷേ അവര്‍ രാജ്യത്തിന്റെ ശത്രുവിനെപ്പോലെയാണ് സംസാരിക്കുന്നത്. അവര്‍ ഇപ്പോള്‍ പോസ്റ്റ് ചെയ്ത ട്വീറ്റ് - ഇന്ത്യയുടെ ജനാധിപത്യം ബംഗ്ലാദേശിന്റെ ജനാധിപത്യം പോലെയാണെന്ന് പറയാന്‍ ശ്രമിക്കുകയാണോ?' 'തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടാല്‍ രാജ്യത്തെ ബംഗ്ലാദേശോ നേപ്പാളോ ആക്കുമെന്ന് ആര്‍ജെഡി നേതാക്കള്‍ നേരത്തെ പറഞ്ഞതും നമ്മള്‍ കണ്ടിട്ടുണ്ട്, ഇത് അത്തരമൊരു സാഹചര്യം സൃഷ്ടിക്കുന്നു. ഇന്ത്യന്‍ ഭരണകൂടത്തിനെതിരെയാണ് തങ്ങളുടെ പോരാട്ടമെന്ന് രാഹുല്‍ ഗാന്ധി പറയുന്നതും നമ്മള്‍ കണ്ടിട്ടുണ്ട്,'-ബിജെപി നേതാവ് ഷെഹ്‌സീന്‍ പൂനെവാല പറഞ്ഞു.