രാജ്യത്തെ ആദ്യ നൂക്ലിയര്‍ ഊര്‍ജ്ജ ഉത്പാദന സംസ്ഥാനമായി മഹാരാഷ്ട്ര; എംഒയു ഒപ്പുവച്ചു
മുംബൈ: രാജ്യത്ത് ആദ്യമായി നൂക്ലിയര്‍ ഊര്‍ജ്ജം ഉല്‍പാദിപ്പിക്കുന്ന സംസ്ഥാനമായി മഹാരാഷ്ട്ര. മഹാരാഷ്ട്ര സ്റ്റേറ്റ് പവര്‍ ജനറേഷന്‍ കമ്പനിയും നൂക്ലിയര്‍ പവര്‍ കോര്‍പ്പറേഷനും തമ്മിലുള്ള ധാരണാപത്രം മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിന്റെ സാന്നിധ്യത്തില്‍ ഒപ്പുവച്ചു. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിയിലായിരുന്നു ചടങ്ങ്.
രാജ്യത്തിന് അതിവേഗം വളരുന്ന ഊര്‍ജാവശ്യങ്ങള്‍ നിറവേറാന്‍ ശുദ്ധവും വിശ്വസനീയവുമായ വൈദ്യുതിവിതരണം അനിവാര്യമാണെന്ന് ഫഡ്‌നാവിസ് ചടങ്ങില്‍ ആവശ്യപ്പെട്ടു. ഊര്‍ജോത്പാദനത്തില്‍ സ്വയം പര്യാപ്തത നേടി മുന്നേറാന്‍ പ്രധാനമന്ത്രി മുന്നോട്ടുവച്ച ആഹ്വാനത്തിന്റെ ഭാഗമായാണ് ഈ നിര്‍ണായക രംഗപ്രവേശമെന്നും അദ്ദേഹം പറഞ്ഞു. ഇതുവരെ നൂക്ലിയര്‍ ഊര്‍ജോത്പാദനം കേന്ദ്രസര്‍ക്കാരിന്റെ ഏകാധിപത്യത്തിലുള്ളതായിരുന്നു. രാജ്യത്തെ ഡാറ്റാ തലസ്ഥാനം എന്ന നിലയില്‍ മഹാരാഷ്ട്രയുടെ പങ്ക് കൂടുതല്‍ ശക്തമാകുമെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. രാജ്യത്തെ മൊത്തം ഡാറ്റാ ഭാരം 50 മുതല്‍ 60 ശതമാനം വരെ മഹാരാഷ്ട്ര കൈകാര്യം ചെയ്യുന്നുവെന്നതും അദ്ദേഹം വ്യക്തമാക്കി.
പദ്ധതിയുടെ പുരോഗതിക്ക് സംസ്ഥാന സര്‍ക്കാര്‍ പൂര്‍ണമായ നേതൃത്വം നല്‍കുമെന്നും എല്ലാ സഹകരണവും ഉറപ്പാക്കുമെന്നും ഫഡ്‌നാവിസ് പറഞ്ഞു. ധാരണാപത്രത്തില്‍ മഹാജെന്‍കോ ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ രാധാകൃഷ്ണന്‍ ബി, എന്‍പിസിഐഎല്‍ ചെയര്‍മാന്‍ ബി സി പതക് എന്നിവരാണ് ഒപ്പുവച്ചത്.