വ്യാജരേഖ ചമയ്ക്കല്‍ കേസില്‍ കോടതി ശിക്ഷ വിധിച്ചു; മഹാരാഷ്ട്രയില്‍ മന്ത്രി രാജിവച്ചു

സ്‌പോര്‍ട്‌സ് ന്യൂനപക്ഷ മന്ത്രി മണിക് റാവു കോകാതെയാണ് രാജിവച്ചത്

Update: 2025-12-19 12:27 GMT

മുംബൈ: വ്യാജരേഖ ചമയ്ക്കല്‍ കേസില്‍ കോടതി ശിക്ഷ വിധിച്ചതിനു പിന്നാലെ മഹാരാഷ്ട്രയില്‍ മന്ത്രി രാജിവച്ചു. എന്‍സിപി നേതാവ് മണിക്റാവു കൊകാതെയാണ് രാജിവച്ചത്. 1995ല്‍ സര്‍ക്കാര്‍ ഭവന പദ്ധതിയുമായി ബന്ധപ്പെട്ട വഞ്ചന, വ്യാജരേഖ ചമയ്ക്കല്‍ കേസില്‍ കൊകാതെക്ക് ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി രണ്ടു വര്‍ഷം തടവും 50,000 രൂപ പിഴയും വിധിച്ചിരുന്നു. രണ്ടു ദിവസം മുന്‍പ് നാസിക് ജില്ലാ കോടതി ഈ ശിക്ഷാ വിധി ശരിവച്ചിരുന്നു. ഇതിനു പിന്നാലെയാണ് രാജി.

കോകാതെയുടെ രാജി സ്വീകരിക്കാന്‍ എന്‍സിപി പ്രസിഡന്റ് അജിത് പവാര്‍ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിനോട് അഭ്യര്‍ഥിച്ചു. വ്യാജരേഖ ചമച്ച് സര്‍ക്കാര്‍ ഫ്ളാറ്റ് തട്ടിയെടുക്കാന്‍ ശ്രമിച്ചു എന്നതാണ് കൊകാതെക്കെതിരായ കുറ്റം. നാസിക് ജില്ലയിലെ സിന്നാര്‍ മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എയാണ് കൊകാതെ. സ്പോര്‍ട്സ്, ന്യൂനപക്ഷകാര്യം എന്നീ വകുപ്പുകളാണ് അദ്ദേഹം കൈകാര്യം ചെയ്തിരുന്നത്.

'ബഹുമാനപ്പെട്ട കോടതി വിധിയുടെ പശ്ചാത്തലത്തില്‍ മഹാരാഷ്ട്ര മന്ത്രിയും എന്റെ സഹപ്രവര്‍ത്തകനുമായ മണിക്റാവു കൊകാതെ എനിക്ക് രാജി സമര്‍പ്പിച്ചു. വ്യക്തികളേക്കാള്‍ നിയമവാഴ്ചയ്ക്ക് പ്രാധാന്യം കൊടുക്കുന്നതാണ് ഞങ്ങളുടെ പാര്‍ട്ടിയുടെ നയം. ഇതിന്റെ ഭാഗമായി രാജി സ്വീകരിച്ചു. തുടര്‍നടപടികള്‍ക്കായി രാജിക്കത്ത് മുഖ്യമന്ത്രിക്ക് അയച്ചിട്ടുണ്ട്'- അജിത് പവാര്‍ പറഞ്ഞു.

Tags: