ചികില്‍സയ്ക്കിടെ വയോധികയെ കയറിപ്പിടിച്ച മന്ത്രവാദി അറസ്റ്റില്‍; മന്ത്രവടി കൊണ്ട് തലയ്ക്കടിച്ചെന്നും പരാതി

Update: 2025-07-06 12:37 GMT

കാസര്‍കോട്: ചികില്‍സയ്ക്കിടെ വയോധികയെ കയറിപ്പിടിച്ചെന്ന പരാതിയില്‍ മന്ത്രവാദ ചികില്‍സകന്‍ അറസ്റ്റില്‍. കണ്ണൂര്‍ സ്വദേശിയും തളിപ്പറമ്പിലെ ക്വാര്‍ട്ടേഴ്സില്‍ താമസക്കാരനുമായ ശിഹാബുദ്ദീന്‍ തങ്ങള്‍ (52) ആണ് പിടിയിലായത്. ഹൊസ്ദുര്‍ഗ് പോലീസ് സ്റ്റേഷന്‍ പരിധിയിലെ വയോധിക നല്‍കിയ പരാതിയിലാണ് പോലിസ് നടപടി.നടുവേദന വിട്ടുമാറാത്തതിനെ തുടര്‍ന്ന് 55 കാരിയായ സ്ത്രീ ശിഹാബുദ്ദീന്‍ തങ്ങളെ വീട്ടിലേക്ക് വിളിച്ചു വരുത്തി മന്ത്രവാദ ചികിത്സ നടത്തിച്ച് വരികയായിരുന്നു. കഴിഞ്ഞ ദിവസം വീട്ടിലെ ചികിത്സയ്ക്കിടെ ശിഹാബുദീന്‍ തങ്ങള്‍ തന്നെ പീഡിപ്പിക്കാന്‍ ശ്രമിക്കുകയും തടഞ്ഞപ്പോള്‍ മാന്ത്രിക വടിയായി ഉപയോഗിക്കുന്ന ഇരുമ്പ് വടി കൊണ്ട് അടിക്കുകയും ചെയ്തുവെന്നാണ് വീട്ടമ്മയുടെ പരാതിയില്‍ പറയുന്നത്. സ്ത്രീയോട് സ്വര്‍ണാഭരണവും മന്ത്രവാദി ആവശ്യപ്പെട്ടിരുന്നു. സ്വര്‍ണാഭരണം ലോക്കറില്‍ ആണെന്നും എടുക്കാനാകില്ലെന്നും പറഞ്ഞപ്പോള്‍ ക്രൂരമായി മര്‍ദിച്ചതായും പരാതിയില്‍ പറയുന്നു. കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ വിവിധ സ്ഥലങ്ങളില്‍ എത്തി ചികിത്സ നല്‍കുന്ന ആളാണ് ശിഹാബുദ്ദീന്‍ തങ്ങള്‍ എന്നു പോലിസ് ആരോപിച്ചു.