ഇസ്രായേലിനുള്ള ട്രംപിന്റെ പിന്തുണയെച്ചൊല്ലി മാഗയില്‍ പ്രശ്‌നങ്ങള്‍ പൊട്ടിപ്പുറപ്പെടുന്നു: ദി ഡെയ്‌ലി ബീസ്റ്റ്
വാഷിങ്ടണ്‍: ഇസ്രായേലിനുള്ള പിന്തുണയുടെ കാര്യത്തില്‍ യുഎസിലെ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയില്‍ വലിയ ഭിന്നതകള്‍ രൂപപ്പെട്ടതായി റിപോര്‍ട്ട്. അമേരിക്കയെ വീണ്ടും മഹത്തരമാക്കൂ (എംഎജിഎ) എന്ന കാംപയിനിലെ അംഗങ്ങളാണ് പാര്‍ട്ടിക്കെതിരേ രംഗത്തെത്തിയിരിക്കുന്നതെന്ന് ദി ഡെയ്‌ലി ബീസ്റ്റിലെ റിപോര്‍ട്ട് പറയുന്നു. ഇക്കാര്യത്തില്‍ പുതിയ തലമുറ മാഗ അംഗങ്ങള്‍ മുതിര്‍ന്ന റിപ്പബ്ലിക്കന്‍മാരുമായി കടുത്ത അഭിപ്രായ വ്യത്യാസത്തിലാണ്.
ഇസ്രായേലിനെയും പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെയും പിന്തുണയ്ക്കുമ്പോള്‍ തന്നെ യുവ റിപ്പബ്ലിക്കന്‍മാരെ അകറ്റി നിര്‍ത്താതിരിക്കാനും ഡോണള്‍ഡ് ട്രംപ് ശ്രമിക്കുന്നുണ്ട്. 2024ലെ തിരഞ്ഞെടുപ്പില്‍ യുവ വോട്ടര്‍മാരുടെ സഹായത്തോടെയാണ് ട്രംപ് ജയിച്ചത്. എന്നാല്‍, ഇറാനില്‍ യുഎസ് നടത്തിയ ആക്രമണങ്ങള്‍ യുവ റിപ്പബ്ലിക്കന്‍മാരുടെ എതിര്‍പ്പിന് കാരണമായി. അമേരിക്കയാണ് ആദ്യം എന്ന പ്രചരണത്തില്‍ നിന്നും ട്രംപ് പിന്‍മാറിയെന്നാണ് യുവാക്കള്‍ പറയുന്നത്. ഇറാനില്‍ നടത്തിയ ആക്രമണത്തെ റിപ്പബ്ലിക്കന്‍ യുവാക്കളില്‍ വലിയൊരു വിഭാഗം എതിര്‍ത്തതായി ക്ലിന്നിപിയാക് അഭിപ്രായ സര്‍വേ ഫലം പറയുന്നു. എന്നാല്‍ 50ന് മുകളില്‍ പ്രായമുള്ള 87 ശതമാനം റിപ്പബ്ലിക്കന്‍മാര്‍ ആക്രമണത്തെ അനുകൂലിച്ചു.
ഇസ്രായേലിന് യുഎസ് അമിത പിന്തുണ നല്‍കുന്നതായി 18-49 വയസുള്ള 31 ശതമാനം റിപ്പബ്ലിക്കന്‍മാര്‍ പറഞ്ഞു. ഇസ്രായേലിനെ കുറിച്ച് യുവ റിപ്പബ്ലിക്കന്‍മാര്‍ക്കിടയില്‍ മോശം അഭിപ്രായം രൂപപ്പെടുന്നതായി പ്യു സര്‍വേ ഫലവും പറയുന്നുണ്ട്. അമ്പത് വയസിന് താഴെയുള്ള റിപ്പബ്ലിക്കന്‍മാരില്‍ വലിയൊരു വിഭാഗത്തിന് ഇസ്രായേലിനോട് നെഗറ്റീവ് സമീപനമാണുള്ളത്.
റിപ്പബ്ലിക്കന്‍മാര്‍, പൊതുവില്‍ റിപ്പബ്ലിക്കന്‍ സര്‍ക്കാരുകള്‍ ഇസ്രായേലിന് അനുകൂലമാണ്. 2015ല്‍ നെതന്യാഹുമായി കൂടിക്കാഴ്ച്ച നടത്താന്‍ ബരാക് ഒബാമ വിസമ്മതിച്ചു. എന്നാല്‍, റിപ്പബ്ലിക്കന്‍ സര്‍ക്കാര്‍ നെതന്യാഹുവിനെ യുഎസ് കോണ്‍ഗ്രസില്‍ കൊണ്ടുവന്നു. യുഎസ് ഇറാനില്‍ ആക്രമണം നടത്തിയതിനുശേഷം മുതിര്‍ന്ന റിപ്പബ്ലിക്കന്‍മാര്‍ ട്രംപിന് പിന്നില്‍ അണിനിരന്നു. എന്നാല്‍ ടേണിംഗ് പോയിന്റ് യുഎസ്എയുടെ സഹസ്ഥാപകനായ ചാര്‍ളി കിര്‍ക്ക് ഉള്‍പ്പെടെയുള്ള ചില എംഎജിഎക്കാര്‍ യുവ റിപ്പബ്ലിക്കന്‍മാരില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു. മിഡില്‍ ഈസ്റ്റില്‍ മറ്റൊരു യുദ്ധത്തിലേക്ക് യുഎസ് വലിച്ചിഴക്കപ്പെടുന്നതില്‍ യുവാക്കള്‍ അസ്വസ്ഥരായിരുന്നു.
