വിജയിയുടെ സിനിമ 'ജനനായകന്' സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കണമെന്ന മദ്രാസ് ഹൈക്കോടതി ഉത്തരവിന് സ്റ്റേ

'ജനനായകന്‍' റിലീസ് അനിശ്ചിതത്വത്തില്‍

Update: 2026-01-09 12:04 GMT

ചെന്നൈ: വിജയ് യുടെ ജനനായകന്‍ സിനിമയ്ക്ക് യുഎ സര്‍ട്ടിഫിക്കറ്റ് നല്‍കണമെന്ന ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് സ്റ്റേ ചെയ്തു. സെന്‍സര്‍ ബോര്‍ഡിന്റെ ഹരജിയിലാണ് നടപടി. കേസ് 21നു മാത്രമേ ഇനി പരിഗണിക്കൂ. ഇതോടെ ചിത്രം റിലീസ് ചെയ്യുന്നതില്‍ അനിശ്ചിതത്വം തുടരുകയാണ്. ഇന്ന് രാവിലെയായിരുന്നു നടന്‍ വിജയിയുടെ സിനിമ 'ജനനായകന്' സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടിരുന്നത്.

ജനനായകന്റെ സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് പ്രതിസന്ധി തമിഴ്‌നാട്ടില്‍ രാഷ്ട്രീയ വിവാദത്തിനും തിരികൊളുത്തിയിട്ടുണ്ട്. ചിത്രത്തിലെ രാഷ്ട്രീയ സൂചനകളും വിജയ് യുടെ രാഷ്ട്രീയ പ്രവേശനവുമായി ബന്ധപ്പെട്ട പരാമര്‍ശങ്ങളുമാണ് ജനനായകന് എതിരായ നീക്കത്തിനുപിന്നിലെ കാരണമെന്ന് ടിവികെ നേതാക്കള്‍ ആരോപിച്ചിരുന്നു.

സെന്‍സര്‍ ബോര്‍ഡ് നിര്‍ദേശിച്ച മാറ്റങ്ങള്‍ വരുത്തിയിട്ടും സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ലെന്നു ചൂണ്ടിക്കാട്ടി, നിര്‍മാതാക്കളായ കെവിഎന്‍ പ്രൊഡക്ഷന്‍സ് മദ്രാസ് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. മതവികാരം വ്രണപ്പെടുത്തി, സായുധ സേനയെ വികലമായി ചിത്രീകരിച്ചു എന്നീ പരാതികള്‍ ലഭിച്ചതിനാല്‍ ചിത്രം വീണ്ടും കാണാന്‍ റിവൈസിങ് കമ്മിറ്റിക്ക് കൈമാറിയെന്ന് ബോര്‍ഡ് വിശദീകരണവും നല്‍കി. ചിത്രത്തിന്റെ റിലീസ് മാറ്റിയതോടെ ഓണ്‍ലൈന്‍ ബുക്കിങ് നടത്തിയവര്‍ക്ക് പണം തിരികെ നല്‍കിയിരുന്നു.

അതേസമയം റിലീസ് പ്രഖ്യാപിച്ചിരുന്ന ശിവകാര്‍ത്തികേയന്‍ ചിത്രം പരാശക്തിക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് ലഭിച്ചു. ചിത്രം നാളെത്തന്നെ റിലീസ് ചെയ്യും. ഹിന്ദി വിരുദ്ധ പ്രക്ഷോഭം പ്രമേയമാക്കിയ പരാശക്തിയില്‍നിന്നു 15 രംഗങ്ങള്‍ കൂടി ഒഴിവാക്കണമെന്നാവശ്യപ്പെട്ട് സെന്‍സര്‍ ബോര്‍ഡ് നോട്ടിസ് നല്‍കിയിരുന്നു. പരാശക്തി സിനിമയ്ക്കു വേണ്ടി ജനനായകന്റെ റിലീസ് വൈകിപ്പിക്കാന്‍ ഡിഎംകെ ശ്രമിക്കുന്നുവെന്ന് വിജയ് ആരാധകരും ആരോപിക്കുന്നുണ്ട്. ഡോണ്‍ പിക്ചേഴ്സിന്റെ ആകാശ് ഭാസ്‌കരന്‍ നിര്‍മിക്കുന്ന പരാശക്തി വിതരണം ചെയ്യുന്നത് ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിന്റെ മകന്‍ ഇന്‍പനിധി തലവനായുള്ള റെഡ് ജയന്റ് മൂവീസാണ്.

Tags: