'മാധ്വി ഹിദ്മ അമര്‍ രഹേ'; വായുമലീനീകരണത്തിനെതിരേയുള്ള പ്രതിഷേധത്തില്‍ മാധ്വി ഹിദ്മയുടെ പേരില്‍ മുദ്രാവാക്യം വിളിച്ച് ആളുകള്‍
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ വായുമലിനീകരണത്തിനെതിരേ നടന്ന പ്രതിഷേധത്തില്‍ പോലിസും പ്രതിഷേധക്കാരും ഏറ്റുമുട്ടി. പ്രതിഷേധക്കാരെ നീക്കം ചെയ്യാനുള്ള പോലിസ് ശ്രമത്തിനിടെ ആളുകള്‍ 'മാധ്വി ഹിദ്മ അമര്‍ രഹേ' (മാധ്വി ഹിദ്മ നീണാള്‍ വാഴട്ടെ) എന്നീ മുദ്രാവാക്യങ്ങള്‍ വിളിച്ചു. 'ബിര്‍സ മുണ്ട മുതല്‍ മാധ്വി ഹിദ്മ വരെ, നമ്മുടെ വനങ്ങളുടെയും പരിസ്ഥിതിയുടെയും പോരാട്ടം തുടരും' എന്നെഴുതിയ ഒരു പോസ്റ്റര്‍ പിടിച്ചുകൊണ്ടായിരുന്നു പ്രതിഷേധം. അക്രമവുമായി ബന്ധപ്പെട്ട് ഇതുവരെ 22 പേരെ പോലിസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. മാവോവാദി അനുകൂല മുദ്രാവാക്യങ്ങള്‍ വിളിച്ചവര്‍ക്കെതിരേ നടപടിയെടുക്കുമെന്നാണ് പോലിസ് ഭാഷ്യം.
സിപിഐ-മാവോയിസ്റ്റ് ഗ്രൂപ്പിലെ ഒന്നാം നമ്പര്‍ ബറ്റാലിയന്റെ കമാന്‍ഡറായിരുന്നു മാധ്വി ഹിദ്മ. ദണ്ഡകാരണ്യ മേഖലയിലെ നിബിഡ വനങ്ങളിലാണ് ഹിദ്മ താമസിച്ചിരുന്നത്. അബുജ്മദ്, സുക്മ-ബിജാപൂര്‍ വനമേഖലകളെക്കുറിച്ച് ഇവര്‍ക്ക് വിപുലമായ അറിവുണ്ടായിരുന്നു. ബസ്തര്‍ സൗത്ത് മേഖലയിലും ഹിദ്മ സജീവമായിരുന്നു. ഛത്തീസ്ഗഢിനും ആന്ധ്രാപ്രദേശിനും ഇടയിലുള്ള അതിര്‍ത്തിയില്‍ നടന്ന ഏറ്റുമുട്ടലിലാണ് മാധ്വി കൊല്ലപ്പെട്ടത്.