'അലോപ്പതി കൊണ്ട് രോഗം മാറില്ലെന്ന് വിശ്വസിപ്പിച്ചു'; ക്യാന്‍സര്‍ ബാധിച്ച് യുവതി മരിച്ച സംഭവത്തില്‍ അക്യുപങ്ചര്‍ സ്ഥാപനത്തിനെതിരേ പരാതി
കോഴിക്കോട്: കുറ്റിയാടിയില്‍ ക്യാന്‍സര്‍ ബാധിച്ച് യുവതി മരിച്ച സംഭവത്തില്‍ അക്യുപങ്ചര്‍ സ്ഥാപനത്തിനെതിരേ പരാതി. 45കാരിയായ ഹാജിറയാണ് കഴിഞ്ഞ ഞായറാഴ്ച മരിച്ചത്. രോഗമെന്താണെന്നു പറയാതെ യുവതിക്ക് ചികില്‍സ നല്‍കിയെന്ന് കുടുംബം ആരോപിക്കുന്നു. രോഗത്തിന്റെ ്‌വസാന ഘട്ടത്തിലാണ് അസുഖം മനസിലായതെന്നും അപ്പോഴേക്കും സ്ഥിതി വഷളായെന്നും യുവതിയുടെ ബന്ധുക്കള്‍ പറയുന്നു.
ആറുമാസമായി ഹാജിറ അക്യൂപക്ചര്‍ സ്ഥാപനത്തില്‍ ചികില്‍സയ്ക്ക് വിധേയമാകുകയായിരുന്നു. ബന്ധുക്കളെ അറിയിക്കാതെയാണ് ഹാജിറ ചികില്‍സക്കെത്തിയിരുന്നത്. രോഗം കഠിനമായതോടെ മറ്റൊരു ഡോക്ടറെ സമീപിച്ചു. അപ്പോഴാണ് ക്യാന്‍സറാണെന്ന് മനസിലായത്.
അലോപ്പതി കൊണ്ട് രോഗം മാറില്ലെന്ന് വിശ്വസിപ്പിച്ചാണ് സ്ഥാപനം ചികില്‍സ നടത്തിയതെന്നും ദിവസവും 300 മില്ലിലിറ്റര്‍ വെളളവും നാല് ഈത്തപ്പഴവും മാത്രം കഴിച്ചാല്‍ രോഗം പൂര്‍ണമായി ഭേദമാകുമെന്നാണ് അക്യുപങ്ചറിസ്റ്റ് ഹാജിറയോട് പറഞ്ഞിരുന്നതെന്നും ബന്ധു ആരോപിക്കുന്നു. സ്ഥാപനത്തിനെതിരെ പോലിസില്‍ പരാതി നല്‍കിയിട്ടും യാതൊരു നടപടിയും ഉണ്ടായില്ലെന്നും അവര്‍ പറഞ്ഞു.