'' അമ്മേ ഞാന്‍ മോഷ്ടിച്ചിട്ടില്ല''; കുര്‍ക്കുറെ ചിപ്‌സ് മോഷ്ടിച്ചെന്ന് ആരോപണം ഉന്നയിക്കപ്പെട്ട കുട്ടി 'ആത്മഹത്യ ചെയ്തു'

കൊല്‍ക്കത്ത: കുര്‍ക്കുറെ ചിപ്‌സ് മോഷ്ടിച്ചെന്ന ആരോപണത്തില്‍ മര്‍ദ്ദനത്തിന് ഇരയായ ഏഴാം ക്ലാസ് വിദ്യാര്‍ഥി ജീവനൊടുക്കി. പശ്ചിമ മേദിനിപൂര്‍ ജില്ലയിലെ കൃഷേന്ദു ദാസ് എന്ന കുട്ടിയാണ് വിഷം കഴിച്ച് മരിച്ചത്. കാറ്റു വീശിയപ്പോള്‍ തന്റെ കടയില്‍ നിന്നും മൂന്നു പാക്കറ്റ് ചിപ്‌സ് പറന്നുപോയെന്നും അതില്‍ ഒന്ന് കുട്ടി എടുത്തെന്നുമാണ് കടയുടമയായ ശുവാങ്കര്‍ ദീക്ഷിത് ആരോപിച്ചത്. തുടര്‍ന്ന് കുട്ടിയെ പരസ്യമായി തല്ലുകയും ഏത്തമിടീപ്പിക്കുകയും ചെയ്തു. ചിപ്‌സിന്റെ വിലയായി 15 രൂപ വാങ്ങുകയും ചെയ്തു.
സംഭവം അറിഞ്ഞ അമ്മയും കുട്ടിയെ ചീത്തപറയുകയും അടിക്കുകയും ചെയ്തു. ഇതിന് ശേഷമാണ് കുട്ടിയെ വിഷം കഴിച്ച നിലയില്‍ കണ്ടെത്തിയത്. ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. കുട്ടിയുടെ കൈയ്യില്‍ മരണകാരണം വ്യക്തമാക്കുന്ന ഒരു കുറിപ്പുണ്ടായിരുന്നു.

''അമ്മേ, ഞാന്‍ കള്ളനല്ല, ഞാന്‍ മോഷ്ടിച്ചിട്ടില്ല. ഞാന്‍ കടയില്‍ കാത്തിരിക്കുമ്പോള്‍ അങ്കിള്‍ അവിടെ ഉണ്ടായിരുന്നില്ല. തിരിച്ചു പോകുമ്പോള്‍, റോഡില്‍ ഒരു കുര്‍ക്കുറെ പാക്കറ്റ് കണ്ടപ്പോള്‍ ഞാന്‍ അത് എടുത്തു. എനിക്ക് കുര്‍ക്കുറെ ഇഷ്ടമാണ്. ഞാന്‍ ചെയ്തതിന് ദയവായി എന്നോട് ക്ഷമിക്കൂ.''-ആത്മഹത്യാക്കുറിപ്പില്‍ ഇങ്ങനെ എഴുതിയിരുന്നു. കുടുംബം ഔദ്യോഗികമായി പരാതി നല്‍കിയില്ലെങ്കിലും പോലീസ് സ്വമേധയാ കേസെടുത്ത് അന്വേഷണം ആരംഭിച്ചു.