സൈബര്‍ ആക്രമണത്തില്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കി എം എ ഷഹനാസ്

Update: 2026-02-23 12:19 GMT

തിരുവനന്തപുരം: സൈബര്‍ ആക്രമണത്തില്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കി കോണ്‍ഗ്രസ് വനിതാ നേതാവ് എം എ ഷഹനാസ്. രാഹുല്‍ മാങ്കുട്ടത്തിലിനെതിരേ പരാതി ഉന്നയിച്ചതിനാണ് സൈബര്‍ ആക്രമണം എന്നാണ് പരാതി. രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയില്‍ നിന്ന് തനിക്കുണ്ടായ മോശം അനുഭവം തുറന്നുപറഞ്ഞതിനു പിന്നാലെ നിബു വര്‍ഗീസ് എന്നയാള്‍ സൈബര്‍ ഇടങ്ങളില്‍ സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയില്‍ തനിക്കെതിരേ മോശമായ ചിത്രങ്ങളും മറ്റും പ്രചരിപ്പിച്ചു വരികയാണ്. ഇതുമൂലം ഞാനും കുടുംബവും ആത്മഹത്യയുടെ വക്കിലാണെന്നും മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയില്‍ പറയുന്നു. മുഖ്യമന്ത്രിയുടെ നിയമസഭയിലെ ഓഫീസില്‍ എത്തിയാണ് പരാതി കൈമാറിയത്.

ഈ ട്രോമ തനിക്ക് താങ്ങാന്‍ ആകാവുന്നതില്‍ അപ്പുറമാണെന്നും മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയില്‍ പറയുന്നു. രാഹുലിന്റേയും ഷാഫി പറമ്പിലിന്റേയും അനുയായിയാണ് നിബു വര്‍ഗീസ് എന്നും ഷഹനാസ് പറയുന്നു. മോശം കാര്യങ്ങള്‍ പ്രചരിപ്പിച്ചയാളുടെ പ്രൊഫൈല്‍ ലിങ്കും പരാതിക്കൊപ്പം കൈമാറിയിട്ടുണ്ട്. ഇയാള്‍ക്കെതിരേ മേല്‍ നടപടികള്‍ ഉണ്ടാകണമെന്നും പരാതിയില്‍ പറയുന്നു. രാഹുല്‍ തന്നോട് മോശമായി പെരുമാറിയെന്നായിരുന്നു ഷഹനാസിന്റെ ആരോപണം. രാഹുല്‍ മാങ്കൂട്ടത്തിനെ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷനാക്കിയ അന്നത്തെ പ്രസിഡന്റ് ഷാഫി പറമ്പിലിന് താന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്നും എന്നാല്‍ അതിന് പുച്ഛവും പരിഹാസവുമാണ് മറുപടി ലഭിച്ചതെന്നും ഷഹനാസ് ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

Tags: