ന്യൂഡല്‍ഹി: യുഎസ് പിന്തുണയോടെയാണ് ഗസയില്‍ ഇസ്രായേല്‍ ആക്രമണം നടത്തുന്നതെന്ന് സപിഎം ജനറല്‍ സെക്രട്ടറി എം എ ബേബി. അതിനാല്‍ തന്നെ ഗസയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് നടക്കുന്ന സൈലന്‍സ് ഫോര്‍ ഗസ കാംപയിനില്‍ താന്‍ പങ്കാളിയാവുന്നതായും എം എ ബേബി പറഞ്ഞു. ഫലസ്തീനോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു കൊണ്ടാണ് ഡിജിറ്റല്‍ പ്രതിഷേധമെന്നും പുതിയ കാലഘട്ടത്തിലെ സത്യാഗ്രഹമാണ് പരിപാടിയെന്നും എംഎ ബേബി വിശദീകരിച്ചു.
എല്ലാ ദിവസവും രാത്രി 9 മുതല്‍ 9.30 വരെ ഫോണുകളും കമ്പ്യൂട്ടറുകളും പ്രവര്‍ത്തന രഹിതമാക്കിയാണ് പ്രതിഷേധം. സമരത്തിലൂടെ മൈക്രോസോഫ്റ്റ് പോലുള്ള കമ്പനികള്‍ക്ക് ജനങ്ങള്‍ ഫലസ്തീന്‍ ജനതയോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുന്ന സന്ദേശം നല്‍കാന്‍ സഹായിക്കും. അരമണിക്കൂര്‍ സമരം ആരുടെയും മേല്‍ അടിച്ചേല്‍പ്പിക്കുന്നതല്ലെന്നും സമരത്തിന് നിരവധിപേര്‍ പിന്തുണ നല്‍കുന്നതായും എം എ ബേബി വ്യക്തമാക്കി.