മുംബൈ: ആഭ്യന്തര കാര്‍ വിപണി വന്‍കുതിപ്പ് രേഖപ്പെടുത്തിയ 2025ല്‍ ആഡംബര കാര്‍ വില്‍പ്പനയില്‍ വേഗം കുറഞ്ഞതായി റിപോര്‍ട്ട്. ഈ വര്‍ഷം അവസാനിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിയിരിക്കെ, ആഡംബര കാറുകളുടെ വില്‍പ്പനയില്‍ 1.6 ശതമാനം വര്‍ച്ച മാത്രമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 50 ലക്ഷം രൂപയ്ക്ക് മുകളിലുള്ള കാറുകളെ ഉള്‍പ്പെടുത്തുന്ന ആഡംബര വിഭാഗത്തില്‍ 2024ല്‍ 51,200 വാഹനങ്ങളാണ് വില്‍പ്പനയായത്. 2025ല്‍ ഇത് 52,000 ആയി മാത്രമാണ് ഉയര്‍ന്നത്. കോവിഡ് കാലത്തിനുശേഷമുള്ള ഏറ്റവും മന്ദഗതിയിലുള്ള വളര്‍ച്ചയാണിതെന്നാണ് വിലയിരുത്തല്‍.
അതേസമയം, 2025ല്‍ രാജ്യത്തെ മൊത്തം കാര്‍ വില്‍പ്പനയില്‍ 10.5 ശതമാനം വളര്‍ച്ചയാണ് ഉണ്ടായത്. ആകെ 46 ലക്ഷം കാറുകളാണ് രാജ്യത്തെ റോഡുകളിലെത്തിയത്. ഭൗമരാഷ്ട്രീയ അനിശ്ചിതത്വങ്ങള്‍, ഓഹരിവിപണിയിലെ നേട്ടം കുറഞ്ഞത്, ഡോളറിനെതിരേ രൂപയുടെ മൂല്യത്തകര്‍ച്ച എന്നിവയാണ് ആഡംബര കാര്‍ വില്‍പ്പനയെ പ്രതികൂലമായി ബാധിച്ചതെന്നാണ് വിലയിരുത്തല്‍. ഉയര്‍ന്ന വിലയുള്ള കാറുകള്‍ പ്രധാനമായും ഇറക്കുമതി ചെയ്യുന്നതായതിനാല്‍, രൂപയുടെ മൂല്യശോഷണം വാഹനവില വര്‍ധിക്കാന്‍ കാരണമാകുന്നതായും റിപോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു.
എന്നാല്‍ 2026ല്‍ വില്‍പ്പനയില്‍ തിരിച്ചുവരവ് പ്രതീക്ഷിക്കുന്ന നിലപാടിലാണ് ഔഡി ഇന്ത്യ, മെഴ്‌സിഡസ്‌ബെന്‍സ് തുടങ്ങിയ മുന്‍നിര കമ്പനികള്‍. സെപ്റ്റംബറില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച ജിഎസ്ടി ഇളവുകളാണ് ഈ പ്രതീക്ഷയ്ക്ക് ആധാരം.
