വ്യാജ കൂട്ടബലാല്‍സംഗക്കേസ്: അഭിഭാഷകന് ജീവപര്യന്തം തടവ്; 'അതിജീവിതക്ക്' മുന്നറിയിപ്പ്
ലഖ്‌നോ: സ്വത്തുതര്‍ക്കത്തെ തുടര്‍ന്ന് യുവാക്കളെ കൂട്ടബലാല്‍സംഗക്കേസിലും പട്ടികജാതി പട്ടിക വര്‍ഗങ്ങള്‍ക്കെതിരായ അതിക്രമം തടയല്‍ നിയമക്കേസുകളിലും കുടുക്കിയ അഭിഭാഷകനെ ജീവപര്യന്തം തടവിന് ശിക്ഷിച്ചു. അഭിഭാഷകനായ പരമാന്ദ ഗുപ്തയേയാണ് ലഖ്‌നോവിലെ പ്രത്യേക എസ്‌സി-എസ്ടി കോടതി ശിക്ഷിച്ചത്. പ്രതി മൂന്നുലക്ഷം രൂപ പിഴയും അടയ്ക്കണം. കേസില്‍ അതിജീവിതയായി അഭിനയിച്ച പൂജ റാവന്തിനെ മുന്നറിയിപ്പ് നല്‍കി വിട്ടയച്ചു. പൂജ റാവന്ത് നല്‍കിയ പരാതിയില്‍ അന്വേഷണം നടത്തിയ പോലിസ് പീഡനം നടന്നിട്ടില്ലെന്നാണ് കണ്ടെത്തിയത്. തുടരന്വേഷണിലാണ് അഭിഭാഷകന്റെ പങ്കു കണ്ടെത്തിയത്. ഇയാളെ ഇനി മുതല്‍ കോടതിയില്‍ പ്രാക്ടീസ് ചെയ്യാന്‍ അനുവദിക്കരുതെന്നും കോടതി വ്യക്തമാക്കി.