പാചകവാതക ക്ഷാമം: സംസ്ഥാന സര്‍ക്കാര്‍ 'എല്‍പിജി വാര്‍ റൂം' സംവിധാനം ആരംഭിച്ചു
തിരുവനന്തപുരം: പശ്ചിമേഷ്യന്‍ സംഘര്‍ഷത്തെ തുടര്‍ന്നുണ്ടായ പാചകവാതക ക്ഷാമം നേരിടാന്‍ സംസ്ഥാന സര്‍ക്കാര്‍ 'എല്‍പിജി വാര്‍ റൂം' സംവിധാനം ആരംഭിച്ചു. സെക്രട്ടേറിയറ്റില്‍ കേന്ദ്രീകരിച്ച് പത്ത് ഐഎഎസ് ഉദ്യോഗസ്ഥരുടെ നേരിട്ടുള്ള മേല്‍നോട്ടത്തിലാണ് പ്രവര്‍ത്തനം. മൂന്നു ഷിഫ്റ്റുകളിലായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന സംവിധാനത്തിലൂടെ വിതരണം കര്‍ശനമായി നിരീക്ഷിക്കും. പൂഴ്ത്തിവയ്പ്പ്, കരിഞ്ചന്ത, അമിതവില ഈടാക്കല്‍ എന്നിവ തടയാന്‍ പ്രത്യേക ശ്രദ്ധ നല്‍കും. സിലിണ്ടറുകളില്‍ തൂക്കക്കുറവ് പരിശോധിക്കാന്‍ പ്രത്യേക സ്‌ക്വാഡുകളും രംഗത്തുണ്ട്.
സംസ്ഥാനതല വാര്‍ റൂമിനൊപ്പം എല്ലാ ജില്ലകളിലും കളക്ടര്‍മാരുടെ നേതൃത്വത്തില്‍ വാര്‍ റൂമുകള്‍ പ്രവര്‍ത്തനം തുടങ്ങി. പശ്ചിമേഷ്യയിലെ യുദ്ധം മൂലം ഇന്ധന ഇറക്കുമതി ബാധിക്കപ്പെട്ടതോടെ സംസ്ഥാനത്ത് പാചകവാതക നിയന്ത്രണംം ഏകദേശം 30 ശതമാനം വരെ കുറഞ്ഞിട്ടുണ്ട്. ഇത് ഗൃഹോപയോഗത്തിനും ഹോട്ടല്‍ മേഖലയ്ക്കും തിരിച്ചടിയായിട്ടുണ്ട്. വാണിജ്യ സിലിണ്ടറുകളുടെ വിതരണത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയതോടെ ഹോട്ടലുകള്‍ക്ക് സമ്മര്‍ദ്ദം കൂടിയിരിക്കുകയാണ്. അടിയന്തരമല്ലാത്ത മേഖലകളിലേക്കുള്ള വിതരണം താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
അതേസമയം, ആശുപത്രികള്‍, സ്‌കൂളുകള്‍, അനാഥാലയങ്ങള്‍ തുടങ്ങിയ അത്യാവശ്യ വിഭാഗങ്ങള്‍ക്ക് സിലിണ്ടര്‍ വിതരണം മുന്‍ഗണനാപൂര്‍വ്വം തുടരുന്നു. പാചകവാതക ലഭ്യത ഉറപ്പാക്കാന്‍ കേന്ദ്ര സര്‍ക്കാരുമായും എണ്ണക്കമ്പനികളുമായും സംസ്ഥാന സര്‍ക്കാര്‍ നിരന്തരം ബന്ധപ്പെട്ടുവരികയാണെന്ന് അധികൃതര്‍ അറിയിച്ചു.
