എല്‍പിജി ക്ഷാമം: ക്യൂവില്‍ നില്‍ക്കുന്നതിനിടെ 66കാരന്‍ കുഴഞ്ഞുവീണു മരിച്ചു

Update: 2026-03-14 10:49 GMT

ലഖ്‌നോ: പശ്ചിമേഷ്യയിലെ സംഘര്‍ഷത്തെ തുടര്‍ന്ന് രാജ്യത്ത് പാചകവാതക പ്രതിസന്ധി രൂക്ഷമാകുന്നു. പല സംസ്ഥാനങ്ങളിലും ജനങ്ങള്‍ എല്‍പിജി സിലിണ്ടറിനായി നീണ്ട ക്യൂവില്‍ നില്‍ക്കുന്ന അവസ്ഥയാണ്.

പഞ്ചാബിലെ ബര്‍ണാല ജില്ലയില്‍ ഗ്യാസ് ഏജന്‍സിക്കു മുന്നില്‍ സിലിണ്ടറിനായി ക്യൂവില്‍ നില്‍ക്കുന്നതിനിടെ 66കാരന്‍ കുഴഞ്ഞുവീണ് മരിച്ചു. ഭൂഷന്‍ കുമാര്‍ മിത്തല്‍ എന്നയാളാണ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചത്. പുലര്‍ച്ചെ വീട്ടില്‍നിന്ന് പുറപ്പെട്ട അദ്ദേഹം രാവിലെ എട്ടു മണി മുതല്‍ ക്യൂവില്‍ നിന്നിരുന്നു. രാവിലെ പത്തു മണിയോടെ കുഴഞ്ഞുവീണ ഇയാളെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ഇതിനിടെ ഉത്തര്‍ പ്രദേശിലെ ഹാപൂര്‍ ജില്ലയില്‍ ഒരു രാഷ്ട്രീയ നേതാവിന്റെ വീട്ടില്‍ നടത്തിയ റെയ്ഡില്‍ നിന്നും കണ്ടെത്തിയത് 55 എല്‍പിജി സിലിണ്ടറുകളാണ്. ജനങ്ങള്‍ സിലിണ്ടറിനായി ക്യൂവില്‍ നില്‍ക്കുന്നതിനിടെ ഇത്തരത്തില്‍ സിലിണ്ടറുകള്‍ സൂക്ഷിച്ച സംഭവം വലിയ വിവാദത്തിന് വഴിവച്ചിരിക്കുകയാണ്.

Tags: