തിരുവനന്തപുരം: പശ്ചിമേഷ്യയില്‍ തുടരുന്ന സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ രാജ്യത്ത് ഉണ്ടായ പാചകവാതക ക്ഷാമം മലയാള സിനിമാ മേഖലയെയും ബാധിച്ചു തുടങ്ങി. എല്‍പിജി സിലിണ്ടറുകളുടെ ലഭ്യതയില്‍ തുടരുന്ന അനിശ്ചിതത്വം കാരണം ഏകദേശം 18 മലയാള സിനിമകളുടെ ഷൂട്ടിങ് പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെടാന്‍ സാധ്യതയുണ്ടെന്ന് നിര്‍മാതാക്കള്‍ ആശങ്ക പ്രകടിപ്പിക്കുന്നു.
ഒരു സിനിമാ ഷൂട്ടിങ് സെറ്റില്‍ സാധാരണയായി നൂറിലധികം ആളുകള്‍ക്ക് ദിവസേന ഭക്ഷണം ഒരുക്കേണ്ടതുണ്ട്. എന്നാല്‍ പല സെറ്റുകളിലും രണ്ടുദിവസത്തേക്ക് മാത്രം മതിയാകുന്ന എല്‍പിജി സിലിണ്ടറുകളാണ് ഇപ്പോള്‍ ലഭ്യമുള്ളതെന്ന് ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി ബി രാകേഷ് പറഞ്ഞു. പ്രതിസന്ധി തുടരുകയാണെങ്കില്‍ ഷൂട്ടിങ് താല്‍ക്കാലികമായി നിര്‍ത്തിവെക്കേണ്ട സാഹചര്യം വരാമെന്നും അദ്ദേഹം പറഞ്ഞു.
ഷൂട്ടിങ് ഷെഡ്യൂളുകള്‍ താറുമാറായാല്‍ നിര്‍മാതാക്കള്‍ക്ക് കോടികളുടെ നഷ്ടം നേരിടേണ്ടിവരും. ഏകദേശം അഞ്ചു കോടി രൂപവരെ സാമ്പത്തിക ബാധ്യത ഉണ്ടാകാമെന്നാണ് വിലയിരുത്തല്‍. ഷൂട്ടിങ് നിര്‍ത്തിവയ്ക്കുന്നത് നടന്മാരുടെയും സാങ്കേതികപ്രവര്‍ത്തകരുടെയും ഡേറ്റുകള്‍ക്കും ബാധകമാകുന്നതിനാല്‍ പിന്നീട് ഷെഡ്യൂളുകള്‍ പുനക്രമീകരിക്കുന്നത് വലിയ വെല്ലുവിളിയാകും. ഒരു സെറ്റില്‍ ഭക്ഷണം പാകംചെയ്യാന്‍ ദിവസേന അഞ്ചു വരെ എല്‍പിജി സിലിണ്ടറുകള്‍ ആവശ്യമായി വരാറുണ്ട്. പുലര്‍ച്ചെ മൂന്നു മണി മുതല്‍ പാചകം ആരംഭിച്ചാണ് രാവിലെ 7.30ഓടെ പ്രാതല്‍ ഒരുക്കുന്നത്. നിലവിലെ പ്രതിസന്ധി മറികടക്കാന്‍ ചില നിര്‍മാതാക്കള്‍ വിറകടുപ്പുകള്‍, ഇന്‍ഡക്ഷന്‍ കുക്കറുകള്‍ തുടങ്ങിയ ബദല്‍ മാര്‍ഗങ്ങള്‍ തേടുന്നുണ്ട്.
കേരളത്തില്‍ നടക്കുന്ന മറ്റു ഭാഷാ ചിത്രങ്ങളെയും പ്രതിസന്ധി ബാധിക്കാനിടയുണ്ട്. തിരുവനന്തപുരത്ത് ചിത്രീകരണം നടക്കുന്ന ഒരു ഹിന്ദി സിനിമയും ഇടക്കൊച്ചിയില്‍ പുരോഗമിക്കുന്ന തമിഴ് ചിത്രവും സമാനമായ വെല്ലുവിളി നേരിടുന്നുവെന്നാണ് റിപോര്‍ട്ടുകള്‍. ഇതോടൊപ്പം പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ മലയാള സിനിമകളുടെ ഗള്‍ഫ് റിലീസുകളിലും അനിശ്ചിതത്വം തുടരുകയാണ്. മലയാള സിനിമയുടെ വിദേശ വരുമാനത്തില്‍ വലിയ പങ്ക് ഗള്‍ഫ് മേഖലയ്ക്ക് ഉഉള്ളതിനാല്‍ നിര്‍മാതാക്കള്‍ ആശങ്കയിലാണ്.
