എല്‍പിജി സിലിണ്ടര്‍ ക്ഷാമം; ഡല്‍ഹി ഹൈക്കോടതി അഭിഭാഷക കാന്റീനില്‍ മെയിന്‍ കോഴ്സ് ഭക്ഷണങ്ങള്‍ നിര്‍ത്തിവച്ചു
ന്യൂഡല്‍ഹി: ഇറാനെതിരായ യുഎസ്-ഇസ്രായേല്‍ ആക്രമണം തുടരുന്ന സാഹചര്യത്തില്‍ രാജ്യത്തെ വാണിജ്യ എല്‍പിജി സിലിണ്ടര്‍ വിതരണം വന്‍ പ്രതിസന്ധിയിലായിരിക്കുകയാണ്. സിലിണ്ടര്‍ ക്ഷാമത്തെ തുടര്‍ന്ന് ഡല്‍ഹി ഹൈക്കോടതിയിലെ അഭിഭാഷക കാന്റീനില്‍ മെയിന്‍ കോഴ്സ് ഭക്ഷണങ്ങള്‍ നല്‍കുന്നത് നിര്‍ത്തി. പാചക വാതകം ലഭ്യമല്ലാത്തതിനാല്‍ ഫുള്‍ മീല്‍സ് തയ്യാറാക്കാന്‍ കഴിയുന്നില്ലെന്നും, ലഘുഭക്ഷണങ്ങള്‍ മാത്രമേ നല്‍കാനാകൂ എന്നും കാന്റീന്‍ മാനേജ്മെന്റ് വ്യക്തമാക്കി. പ്രവര്‍ത്തനം എപ്പോള്‍ പുനസ്ഥാപിക്കാന്‍ കഴിയുമെന്ന് പറയാനാകില്ലെന്നും നോട്ടീസിലുണ്ട്.
ഇന്ധന സുരക്ഷ ഉറപ്പാക്കുന്നതില്‍ മോദി സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്ന് കോണ്‍ഗ്രസ് വിമര്‍ശിച്ചു. ദുരിതം അനുഭവിക്കുന്നത് സാധാരണക്കാരാണെന്നും ഇന്ധനക്ഷാമം കൃഷിയേയും വളം ലഭ്യതയേയും ബാധിച്ചുവെന്നും, കര്‍ഷകര്‍ കടുത്ത പ്രതിസന്ധിയിലാണെന്നും അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ വ്യക്തമാക്കി. അതേസമയം, രാജ്യത്ത് ഇന്ധനക്ഷാമം ഇല്ലെന്ന് ആവര്‍ത്തിക്കുകയാണ് കേന്ദ്രം.