ഒരു കോടി ലഭിച്ച ലോട്ടറി ടിക്കറ്റ് തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തി തട്ടിയെടുത്തു
കണ്ണൂര്‍: തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തി ഒരു കോടി ലഭിച്ച ലോട്ടറി ടിക്കറ്റ് തട്ടിയെടുത്തതായി പരാതി. പേരാവൂര്‍ സ്വദേശിയായ സാദിഖ് അക്കരമ്മലാണ് പേരാവൂര്‍ പോലിസില്‍ പരാതി നല്‍കിയത്. ലൈറ്റ് ആന്‍ഡ് സൗണ്ട് സ്ഥാപനം നടത്തുന്നയാളാണ് സാദിഖ് അക്കരമ്മല്‍. ഇന്നലെ രാത്രി ഒന്‍പതുമണിയോടെയാണ് സംഭവം.
ഡിസംബര്‍ 30ന് നറുക്കെടുത്ത സ്ത്രീ ശക്തി ലോട്ടറിയുടെ ഒന്നാം സമ്മാനമാണ് അടിച്ചത്. കുറച്ചു ദിവസം നാട്ടില്‍ ഇല്ലാതിരുന്നതിനാല്‍ ടിക്കറ്റ് ബാങ്കില്‍ കൊടുക്കാന്‍ സാധിച്ചില്ല. പിന്നീട് ഏതാനും ദിവസം മുന്‍പ് നാട്ടിലെത്തുകയും കടയില്‍ വച്ച് സംസാരിക്കുന്നതിനിടയില്‍ സുഹൃത്തുക്കളെ ടിക്കറ്റ് കാണിക്കുകയും ചെയ്തു. ഈ സമയത്ത് കടയുടെ പരിസരത്ത് അത്ര പരിചയമില്ലാത്ത യുവാവുമുണ്ടായിരുന്നു. ഇയാളെ പിന്നീടും കടയുടെ പരിസരത്ത് കണ്ടിരുന്നു. ഇന്നലെ ടിക്കറ്റ് ബാങ്കില്‍ കൊടുക്കണമെന്ന് കരുതി കൊണ്ടുവന്നതാണ്. എന്നാല്‍ പള്ളിപ്പെരുന്നാളിന്റെ തിരക്കായതിനാല്‍ ബാങ്കില്‍ പോകാനായില്ല.
നേരത്തെ കടയുടെ സമീപത്തുണ്ടായിരുന്ന പരിചയമില്ലാത്ത യുവാവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇന്നലെ രാത്രി ഒന്‍പതുമണിയോടെ എത്തിയത്. ആള്‍ട്ടോ കാറില്‍ അഞ്ച് യുവാക്കളാണെത്തിയത്. തുടര്‍ന്ന് തോക്കു ചൂണ്ടി ടിക്കറ്റ് ആവശ്യപ്പെടുകയായിരുന്നു. ജീവന്‍ അപകടത്തിലാകുമെന്ന് ഭയന്ന് ഉടന്‍ തന്നെ ടിക്കറ്റ് എടുത്തു നല്‍കി. തുടര്‍ന്ന് പോലിസില്‍ അറിയിക്കുകയായിരുന്നു. ഇവര്‍ക്ക് നേതൃത്വം നല്‍കിയ യുവാവിനെ പോലിസ് പിടികൂടിയിട്ടുണ്ട്. എന്നാല്‍ ടിക്കറ്റ് കണ്ടെത്താന്‍ സാധിച്ചില്ലെന്നും സാദിഖ് പറഞ്ഞു. ഷുഹൈബ് എന്നയാളാണ് കസ്റ്റഡിയിലുള്ളതെന്ന് പേരാവൂര്‍ എസ്എച്ച്ഒ പറഞ്ഞു. കുഴല്‍പ്പണം പൊട്ടിക്കല്‍ കേസുള്‍പ്പെടെ ഏഴോളം കേസുകളില്‍ ഇയാള്‍ പ്രതിയാണ്.
