പാലാ: കോട്ടയം പാലായില്‍ വൈദ്യുതി കമ്പിയില്‍ തട്ടി ലോറിക്ക് തീപ്പിടിച്ചു. പാലാ കത്തീഡ്രല്‍ പള്ളിക്കു സമീപമാണ് സംഭവം. വിവാഹ ചടങ്ങിനു ശേഷം സാധനങ്ങളുമായി പോയ ഇവന്റ് മാനേജ്‌മെന്റിന്റെ ലോറിക്കാണ് തീപ്പിടിച്ചത്. വാഹനത്തില്‍നിന്ന് നീണ്ടുനിന്ന ഇരുമ്പു കമ്പി വൈദ്യുതി ലൈനില്‍ തട്ടി തീ പടര്‍ന്ന് സാധനങ്ങള്‍ ഉള്‍പ്പെടെ വാഹനം കത്തിനശിച്ചു. ഇന്നു രാത്രി എട്ടു മണിക്ക് പാലാ കത്തീഡ്രല്‍ പള്ളി റോഡില്‍ സ്വകാര്യ അപ്പാര്‍ട്ട്‌മെന്റിനു സമീപമാണ് സംഭവം.
കത്തീഡ്രല്‍ പാരീഷ് ഹാളില്‍ നടന്ന വിവാഹ സത്ക്കാരം കഴിഞ്ഞ് സാധനങ്ങള്‍ കയറ്റി മടങ്ങിയ വാഹനത്തിലാണ് തീ പടര്‍ന്നത്. ലോറിയിലെ സാധനങ്ങള്‍ പൂര്‍ണമായും കത്തിനശിച്ചു. പാലാ, ഈരാറ്റുപേട്ട ഫയര്‍ സ്റ്റേഷനുകളില്‍ നിന്നെത്തിയ അഗ്‌നിശമന സേനയുടെ മൂന്ന് യൂണിറ്റ് ചേര്‍ന്നാണ് തീയണച്ചത്. സംഭവത്തെ തുടര്‍ന്ന് പ്രദേശത്തെ വൈദ്യുതി വിതരണം തടസപ്പെട്ടു. ഇതുവഴിയുള്ള ഗതാഗതവും ഏറെ നേരം തടസപ്പെട്ടു.