അഹമ്മദാബാദ്: തിരഞ്ഞെടുപ്പിന് മുമ്പേ ബിജെപി നാടകീയ ജയം നേടിയ മണ്ഡലമാണ് ഗുജറാത്തിലെ സൂറത്ത്. ബിജെപിയുമായി ഒത്തുകളിച്ച കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയുടെ പത്രിക തള്ളുകയും ഇതിന് പിന്നാലെ ഏഴ് സ്വതന്ത്രര്‍ ഉള്‍പ്പെടെ, ബിജെപി സ്ഥാനാര്‍ഥി ഒഴികെ എല്ലാവരും പത്രിക പിന്‍വലിക്കുകയും ചെയ്തതോടെയാണ് ഇത്. ഇതോടെ, മത്സരത്തില്‍ അവശേഷിച്ച ബിജെപി സ്ഥാനാര്‍ഥി മുകേഷ് ദലാലിനെ ഏപ്രില്‍ 22ന് തന്നെ വിജയിയായി പ്രഖ്യാപിക്കുകയായിരുന്നു.
സൂറത്ത് ലോക്‌സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി നിലേഷ് കുംഭാണിയാണ് ബിജെപിയുമായി ഒത്തുകളിച്ച് എതിരില്ലാ വിജയം സമ്മാനിച്ചത്. നിലേഷ് കുംഭാണിയുടെ പത്രിക വരണാധികാരി തള്ളുകയായിരുന്നു. സ്ഥാനാര്‍ഥിയെ പിന്തുണച്ച് പത്രികയില്‍ ഒപ്പിട്ട മൂന്ന് പേരില്‍ ഒരാളെ പോലും ഹാജരാക്കാന്‍ സാധിക്കാതായതോടെയാണ് പത്രിക തള്ളിയത്. ഇതിന് പിന്നാലെ മണ്ഡലത്തിലെ കോണ്‍ഗ്രസിന്റെ ഡമ്മി സ്ഥാനാര്‍ഥി സുരേഷ് പാട്ശാലയുടെ പത്രികയും സമാന കാരണങ്ങളാല്‍ തള്ളി. ഇതോടെ സൂറത്ത് ലോക്‌സഭ മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ഇല്ലാതായി.
കോണ്‍ഗ്രസിന് സ്ഥാനാര്‍ഥികള്‍ ഇല്ലാതായതോടെയാണ് അതിനാടകീയമായി ബിജെപി ഒഴികെ മറ്റെല്ലാ സ്ഥാനാര്‍ഥികളും പത്രിക പിന്‍വലിച്ചത്. ഏഴ് സ്വതന്ത്രരും ബിഎസ്പിയുടെ ഒരു സ്ഥാനാര്‍ഥിയുമായിരുന്നു മത്സരരംഗത്തുണ്ടായിരുന്നത്. ബിഎസ്പി സ്ഥാനാര്‍ഥി പ്യാരിലാല്‍ ഭാരതിയുള്‍പ്പെടെ എട്ട് സ്ഥാനാര്‍ഥികളും പത്രിക പിന്‍വലിച്ചു.
കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയിലൂടെ സൂറത്തില്‍ ബിജെപി ഓപറേഷനാണ് ലക്ഷ്യംകണ്ടത്. എതിരാളികളെ മത്സര രംഗത്തില്ലാതാക്കി വോട്ടെടുപ്പില്ലാതെ തിരഞ്ഞെടുപ്പ് ജയിക്കുന്ന ബിജെപിയുടെ 'സൂറത്ത് മോഡല്‍' നടപ്പാക്കി കൊടുത്തത് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി തന്നെയാണ്. തുടക്കം തൊട്ട് ബിജെപി ഓപറേഷനില്‍ പങ്കാളിയായ സൂറത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായ നിലേഷ് കുംഭാണി നാമനിര്‍ദേശ പത്രികയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കും നേതാക്കള്‍ക്കും പകരം സ്വന്തക്കാരെ കൊണ്ട് വ്യാജ ഒപ്പുകള്‍ ചാര്‍ത്തിച്ചാണ് ഒരു ലോക്‌സഭാ സീറ്റ് നേടിക്കൊടുത്തത്. അവശേഷിച്ച ബിഎസ്പി സ്ഥാനാര്‍ഥിയെ കൂടി പിന്‍വലിപ്പിച്ച് 'ഓപറേഷന്‍ നിര്‍വിരോധ്' (എതിരാളിയില്ലാ ഓപറേഷന്‍) പൂര്‍ത്തിയാക്കാന്‍ ഗുജറാത്ത് െ്രെകംബ്രാഞ്ചിനെയും ഉപയോഗിച്ചു.
പാര്‍ട്ടി നേതാക്കളെ ഇരുട്ടില്‍ നിര്‍ത്തി പത്രികാ സമര്‍പ്പണം
പാര്‍ട്ടി നേതൃത്വത്തെ അറിയിക്കാതെ ബന്ധുവായ ജഗ്ദിയാ സവാലിയാ, ബിസിനസ് പങ്കാളികളായ ധ്രുവിന്‍ ധാമേലിയ, രമേശ് പോല്‍റാ എന്നിവരെ നാമനിര്‍ദേശം ചെയ്യുന്നവരായും പിന്തുണക്കുന്നവരായും പത്രികയില്‍ ഒപ്പു വെപ്പിച്ചത് നിലേഷ് കുംഭാണിയാണ്. ഇവര്‍ വെച്ച ഒപ്പുകള്‍ വ്യാജവുമായിരുന്നു. ഇത് കൂടാതെ കോണ്‍ഗ്രസിന്റെ ഡമ്മി സ്ഥാനാര്‍ഥിയായി സുരേഷ് പഡ്‌സാലയുടെ നാമനിര്‍ദേശ പത്രികാ സമര്‍പ്പണവും നിലേഷ് കുംഭാണി ഏറ്റെടുത്തു.
മറ്റൊരു ബന്ധുവായ ഭൗതിക് കോല്‍ഡിയായെ കൊണ്ട് ഡമ്മി സ്ഥാനാര്‍ഥിയുടെ പത്രികയിലും വ്യാജ ഒപ്പുവെപ്പിച്ചു. വ്യാജ ഒപ്പുവെച്ച ബന്ധുക്കളെയും സ്വന്തക്കാരെയും പത്രികാ സമര്‍പ്പണ സമയത്ത് റിട്ടേണിങ് ഓഫിസര്‍ക്ക് മുന്നില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ഹാജരാക്കിയതുമില്ല. പത്രികാ സമര്‍പ്പിച്ച് നിലേഷ് അപ്രത്യക്ഷനാകുകയും ചെയ്തു. ബിജെപിയുമായി ചേര്‍ന്ന് നടത്തുന്ന കളി ലക്ഷ്യം കാണുന്നത് വരെ പാര്‍ട്ടി നേതൃത്വത്തെയും പ്രവര്‍ത്തകരെയും നിലേഷ് കുംഭാണി ഇരുട്ടില്‍ നിര്‍ത്തി.
ബിഎസ്പി സ്ഥാനാര്‍ഥിയെ പിടിക്കാന്‍ ക്രൈംബ്രാഞ്ച് നിലേഷ് കുംഭാണിയുടെ പിന്മാറ്റത്തോടെ സൂറത്തില്‍ മത്സര രംഗത്ത് അവശേഷിച്ചത് ബിഎസ്പി സ്ഥാനാര്‍ഥി പ്യാരേലാല്‍ ഭാരതി അടക്കം നാല് സ്ഥാനാര്‍ഥികള്‍. ബിഎസ്പി സ്ഥാനാര്‍ഥി സൂറത്തില്‍നിന്ന് വഡോദരയിലെ ഫാം ഹൗസിലെത്തിയിരുന്നു. എന്നാല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി സ്വന്തം റോള്‍ ഭംഗിയായി നിര്‍വഹിച്ചുകൊടുത്തതോടെ ബിഎസ്പി സ്ഥാനാര്‍ഥിയെ കിട്ടാന്‍
ക്രൈംബ്രാഞ്ചിനെ നിയോഗിച്ചു. മൊബൈല്‍ ലൊക്കേഷന്‍ നോക്കി പ്യാരേലാലിനെ കണ്ടെത്തി. സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ പാര്‍ട്ടി, ഗ്ലോബല്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടി, ലോഗ് പാര്‍ട്ടി എന്നീ മൂന്ന് ചെറുകിട പാര്‍ട്ടികളുടെ സ്ഥാനാര്‍ഥികളെ കൂടി ഇത് പോലെ പിന്തുടര്‍ന്ന് കണ്ടെത്തി പത്രികാ സമര്‍പ്പണത്തിന്റെ അവസാന ദിവസം പിന്‍വലിപ്പിച്ചു.
നാല് സ്വതന്ത്രരെ ഹോട്ടലിലേക്ക് വിളിച്ചു വരുത്തി
സൂറത്ത് തിരഞ്ഞെടുപ്പ് അട്ടിമറി യാദൃശ്ചികമല്ലെന്നും ആലോചിച്ചുറപ്പിച്ചു ചെയ്തതാണെന്നും തെളിയിക്കുന്നതാണ് മത്സര രംഗത്തെ നാല് സ്വതന്ത്രരുടെ പിന്മാറ്റം. ആദ്യമായി പിന്മാറിയതും ഇവരെയായിരുന്നു. ഇവരെ നാല് പേരെയും ഫോണ്‍ ചെയ്ത് ഹോട്ടലിലേക്ക് വിളിച്ചുവരുത്തി ഒരുമിച്ചിരുത്തിയായിരുന്നു ഇവരെ കൊണ്ട് നാമനിര്‍ദേശ പത്രികകള്‍ പിന്‍വലിപ്പിച്ചത്. ഈ സ്ഥാര്‍ഥികളുടെ സമുദായ നേതാക്കളെ വിളിച്ച് ബിജെപി സമ്മര്‍ദത്തിലാക്കിയതോടെ ബിജെപി സ്ഥാനാര്‍ഥിക്കായി തങ്ങള്‍ പിന്മാറുകയാണെന്ന് നാല് സ്വതന്ത്ര സ്ഥാനാര്‍ഥികളും പ്രഖ്യാപിച്ചു.
ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് എന്നത് ഒരു രാജ്യം ഒരു സ്ഥാനാര്‍ഥി എന്ന നിലയിലാക്കിയെന്ന് പ്രതിപക്ഷം വിമര്‍ശിക്കുമ്പോഴും ബിജെപിയുടെ ഈ തന്ത്രം നടപ്പാക്കികൊടുത്തത് സ്വന്തം സ്ഥാനാര്‍ഥി ആണെന്നത് കോണ്‍ഗ്രസിനും ഇന്‍ഡ്യ സഖ്യത്തിനും ഒരു പോലെ നാണക്കേടായി.

