ലോക്കോപൈലറ്റ് നിയമനം: വൈകിപ്പിച്ച് റെയില്‍വേ റിക്രൂട്ട്‌മെന്റ് ബോര്‍ഡ്

Update: 2025-12-05 03:24 GMT

തിരുവനന്തപുരം: 2024ല്‍ വിളിച്ച അപേക്ഷയുടെ അടിസ്ഥാനത്തിലുള്ള അസിസ്റ്റന്റ് ലോക്കോപൈലറ്റ് നിയമനം റെയില്‍വേ അനാവശ്യമായി വൈകിപ്പിക്കുന്നു. രണ്ടുവര്‍ഷം പിന്നിടുമ്പോഴും റെയില്‍വേ റിക്രൂട്ട്‌മെന്റ് ബോര്‍ഡുകളുടെ പകുതിയിലധികം റാങ്ക് ലിസ്റ്റുകള്‍ ഇതുവരെ പ്രസിദ്ധീകരിച്ചിട്ടില്ല. 18,799 ഒഴിവുകളിലേക്കാണ് നിയമനം നടത്തേണ്ടത്. പാലക്കാട്, തിരുവനന്തപുരം, മധുര ഡിവിഷനുകള്‍ ഉള്‍പ്പെടുന്ന തിരുവനന്തപുരം ആര്‍ആര്‍ബി 156 പേരുടെ പട്ടിക ദക്ഷിണ റെയില്‍വേ ആസ്ഥാനത്തേക്ക് കൈമാറിയതായി വിവരം ലഭിച്ചിട്ടുണ്ട്. അതേസമയം, തമിഴ്‌നാട് സംസ്ഥാനത്തെ നാലു ഡിവിഷനുകള്‍ ഉള്‍പ്പെടുത്തിയ ചെന്നൈ ആര്‍ആര്‍ബി 323 പേരുടെ പട്ടിക പ്രസിദ്ധീകരിച്ചെങ്കിലും 726 ഒഴിവുകളില്‍ 476 പേരെ മാത്രം ഉള്‍പ്പെടുത്താന്‍ കഴിഞ്ഞു. ഇതിന് കാരണം മെഡിക്കല്‍ പരിശോധനയില്‍ വലിയ തോതില്‍ ഉദ്യോഗാര്‍ഥികള്‍ പുറത്താകുകയായിരുന്നു.

ദക്ഷിണ റെയില്‍വേ ഉള്‍പ്പെടെ രാജ്യത്തെ മറ്റു സോണുകളിലും ലോക്കോപൈലറ്റുമാരുടെ വലിയ കുറവ് നിലവില്‍ അനുഭവപ്പെടുന്നു. ലഭിച്ച റാങ്ക് പട്ടിക പരിശോധിച്ച് ഡിവിഷനുകളിലേക്ക് എത്രപേരെ നിയമിക്കണമെന്ന നിര്‍ദേശം ചീഫ് പേഴ്‌സണല്‍ ഓഫീസര്‍ നല്‍കും. പിന്നീട് മാത്രമേ നിയമന നടപടികള്‍ ആരംഭിക്കുകയുള്ളൂ. ഈ ഘട്ടം പൂര്‍ത്തിയാകാന്‍ കുറഞ്ഞത് ഒരുമാസം എങ്കിലും വേണ്ടിവരുമെന്നാണ് സൂചന. നിയമനം പൂര്‍ത്തിയാക്കിയാലും ആറുമാസത്തെ പരിശീലനം കാരണം ഉദ്യോഗാര്‍ഥികള്‍ സേവനത്തിന് എത്തുന്ന സമയം അടുത്ത വര്‍ഷത്തിന്റെ രണ്ടാമത്തെ പാദത്തിലായിരിക്കും. ഇതോടെ ജീവനക്കാരുടെ കുറവ് കൂടുതല്‍ രൂക്ഷമാകുമെന്ന് വിദഗ്ധര്‍ വിലയിരുത്തുന്നു.

2024ല്‍ ക്ഷണിച്ച 9970 ഒഴിവുകളിലേക്കുള്ള പരീക്ഷ ഇതുവരെ നടത്താത്തതും വലിയ ആശങ്കയാണ്. തിരുവനന്തപുരം ആര്‍ആര്‍ബിയില്‍ 148 ഒഴിവുകളും ചെന്നൈ ആര്‍ആര്‍ബിയില്‍ 362 ഒഴിവുകളും റിപോര്‍ട്ട് ചെയ്തിട്ടുണ്ട്. ഈ നിയമന നടപടികള്‍ മുഴുവന്‍ പൂര്‍ത്തിയാകാന്‍ 2027 വരെ സമയമെടുക്കുമെന്നാണ് കണക്കാക്കപ്പെടുന്നത്. അപ്പോഴേക്കും കേരളത്തില്‍മാത്രം 300ഓളം പേരുടെ ഒഴിവുകളുണ്ടാകും. ഫലത്തില്‍ ആവശ്യമായതിലും വളരെ കുറഞ്ഞ ജോലിക്കാര്‍ മാത്രമാകും ഉണ്ടാവുക. ഇത് ജോലി ഭാരത്തിനും സുരക്ഷാപ്രശ്‌നങ്ങള്‍ക്കും കാരണമാകും.

Tags: