വിദ്യാര്‍ഥിനികളോട് മോശമായി പെരുമാറിയ അധ്യാപകനെ കൈകാര്യം ചെയ്ത് നാട്ടുകാര്‍

Update: 2025-12-11 17:18 GMT

ഭുവനേശ്വര്‍: സ്‌കൂള്‍ വിദ്യാര്‍ഥിനികളോട് മോശമായി പെരുമാറിയ അധ്യാപകനെ കൈകാര്യം ചെയ്ത് രക്ഷിതാക്കളും നാട്ടുകാരും. ഒഡിഷയിലെ ഗഞ്ചാം ജില്ലയിലെ അസ്‌കയിലാണ് സംഭവം. ബലിച്ഛായ് യുപി സ്‌കൂള്‍ അധ്യാപകനായ സൂര്യനാരായണ്‍ നഹകിനാണ് മര്‍ദനമേറ്റത്. കഴിഞ്ഞദിവസം ഒരു വിദ്യാര്‍ഥിനിയെ ഇയാള്‍ തന്റെ മുറിയിലേക്ക് വിളിച്ചുവരുത്തി കെട്ടിപ്പിടിക്കാന്‍ ശ്രമിക്കുകയും ഇത് മറ്റൊരു വിദ്യാര്‍ഥിയോട് മൊബൈല്‍ ഫോണില്‍ പകര്‍ത്താന്‍ പറയുകയുമായിരുന്നു. ഇക്കാര്യം രക്ഷിതാക്കള്‍ അറിഞ്ഞതോടെ അവര്‍ സ്‌കൂളിലേക്കെത്തി അധ്യാപകനെ മര്‍ദിക്കുകയായിരുന്നു.

ട്യൂഷന്‍ ക്ലാസിലും സ്‌കൂള്‍ സമയത്തും പെണ്‍കുട്ടികളോട് മോശമായി പെരുമാറുന്നുണ്ടെന്ന ആരോപണം ഇയാള്‍ക്കെതിരേ ഉണ്ടായിരുന്നു. ഇതിനു പിന്നാലെയാണ് പുതിയ സംഭവം. വിവരമറിഞ്ഞ് പോലിസ് സ്ഥലത്തെത്തുമ്പോള്‍ നാട്ടുകാര്‍ അധ്യാപകനെ മര്‍ദിക്കുകയായിരുന്നു. തുടര്‍ന്ന് പോലിസ് ഉദ്യോഗസ്ഥര്‍ ഇടപെട്ട് നഹകിനെ കസ്റ്റഡിയിലെടുത്തു. സംഭവത്തില്‍ പരാതി ലഭിച്ചതായി പോലിസുകാര്‍ പറഞ്ഞു. വിഷയം വിദ്യാഭ്യാസ വകുപ്പിലെ ഉന്നത അധികാരികളെ അറിയിച്ചിട്ടുണ്ടെന്നും വിശദമായ അന്വേഷണം നടന്നുവരികയാണെന്നും സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ പറഞ്ഞു. വിദ്യാര്‍ഥിനികളോട് അധ്യാപകന്‍ മോശം പരാമര്‍ശങ്ങള്‍ നടത്തിയെന്നും എതിര്‍ത്തപ്പോള്‍ അടിച്ചെന്നും ഇരകളിലൊരാളുടെ മാതാവ് പറഞ്ഞു. സംഭവത്തില്‍ പെണ്‍കുട്ടികളുടേയും ജീവനക്കാരുടേയും രക്ഷിതാക്കളുടേയും മൊഴി രേഖപ്പെടുത്തിയെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പോലിസ് അറിയിച്ചു.