വയനാട് ചീക്കല്ലൂര്‍ കടുവയെ കണ്ടെന്ന് നാട്ടുകാര്‍; കടുവയെ പിടികൂടാനുള്ള ശ്രമം ഊര്‍ജ്ജിതം
വയനാട്: വയനാട് ചീക്കല്ലൂര്‍ കടുവയെ കണ്ടെന്ന് നാട്ടുകാര്‍. പച്ചിലക്കാട് കടുവയുടെ സാന്നിദ്ധ്യം കണ്ടെത്തിയതിനാല്‍ പ്രദേശത്ത് തിരച്ചില്‍ പുരോഗമിക്കുന്നതിനിടെയാണ് ചീക്കല്ലൂരില്‍ കടുവയെ കണ്ടെന്ന് നാട്ടുകാര്‍ പറയുന്നത്. സ്ഥലത്ത് ക്യാമറാ ട്രാപ്പുകള്‍ സ്ഥാപിച്ചിട്ടുണ്ട്. വനം വകുപ്പ് ഉദ്യോഗസ്ഥരും നാട്ടുകാരും ചേര്‍ന്നാണ് കടുവയ്ക്കു വേണ്ടിയുള്ള തിരച്ചില്‍ നടത്തുന്നത്.
ഇന്നലെയാണ് പ്രദേശത്ത് കടുവയ്ക്കായുള്ള തിരച്ചില്‍ ആരംഭിച്ചത്. കടുവയെ പിടികൂടാനായി വെടി വയ്ക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഡ്രോണുപയോഗിച്ച് നടത്തിയ പരിശോധനയില്‍ കടുവയുടെ ചിത്രങ്ങള്‍ ലഭിച്ചിട്ടുണ്ട്.
ജനവാസ മേഖലയില്‍ കടുവ ഇറങ്ങിയിട്ടുള്ളതിനാല്‍ പനമരം ഗ്രാമപഞ്ചായത്തിലെ ആറ്, ഏഴ്, എട്ട്, പതിനാല്, പതിനഞ്ച് വാര്‍ഡുകളിലും കണിയാമ്പറ്റ ഗ്രാമപഞ്ചായത്തിലെ അഞ്ച്, ആറ്, ഏഴ്, പത്തൊന്‍പത്, ഇരുപത് വാര്‍ഡുകളിലെയും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. ങ്കണവാടികളും, മദ്രസകളും ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമാണ്. ഇന്ന് നടത്താനിരുന്ന പരീക്ഷകളും മാറ്റിയതായി ജില്ലാ കലക്ടര്‍ ഡി ആര്‍ മേഘശ്രീ അറിയിച്ചു.