തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന തദ്ദേശ ദിനാഘോഷത്തോടനുബന്ധിച്ച് നല്‍കുന്ന സ്വരാജ് മാധ്യമ പുരസ്‌കാരത്തിന് എന്‍ട്രികള്‍ ക്ഷണിച്ചു. അച്ചടി, ദൃശ്യ, ഓണ്‍ലൈന്‍ മാധ്യമ മേഖലകളില്‍ നിന്നുള്ള മികച്ച വാര്‍ത്തകള്‍ക്കും വാര്‍ത്താചിത്രങ്ങള്‍ക്കും വീഡിയോഗ്രാഫിക്കുമാണ് പുരസ്‌കാരം നല്‍കുന്നത്. 25,000 രൂപയും പ്രശസ്തി പത്രവും മൊമെന്റോയും അടങ്ങുന്നതാണ് അവാര്‍ഡ്.
ഡിജി കേരളം, അതിദാരിദ്ര്യമുക്ത കേരളം, കെ-സ്മാര്‍ട്ട്, മാലിന്യമുക്തം നവകേരളം, കുടുംബശ്രീ എന്നീ പദ്ധതികളുമായി ബന്ധപ്പെട്ട് 2025 ഫെബ്രുവരി ഒന്നു മുതല്‍ 2026 ജനുവരി 31 വരെ പ്രസിദ്ധീകരിച്ചതോ സംപ്രേഷണം ചെയ്തതോ ആയ സൃഷ്ടികളാണ് ഈ വര്‍ഷത്തെ അവാര്‍ഡിനായി പരിഗണിക്കുന്നത്. അച്ചടി/ദൃശ്യമാധ്യമ വാര്‍ത്താ വിഭാഗത്തില്‍ ഇംഗ്ലീഷ്, മലയാളം വിഭാഗങ്ങളില്‍ പ്രത്യേകം അവാര്‍ഡ് നല്‍കും.
അച്ചടി വിഭാഗത്തില്‍ മികച്ച വാര്‍ത്തയ്ക്കും മികച്ച ചിത്രത്തിനുമാണ് പുരസ്‌കാരം. മലയാളം, ഇംഗ്ലീഷ് ഭാഷകളിലെ റിപോര്‍ട്ടുകള്‍ അവാര്‍ഡിനായി സമര്‍പ്പിക്കാം. വാര്‍ത്ത പ്രസിദ്ധീകരിച്ച പത്രത്തിന്റെ ഒറിജിനല്‍ കട്ടിങിനൊപ്പം മൂന്ന് പകര്‍പ്പുകള്‍ കൂടി അപേക്ഷയോടൊപ്പം ഉള്ളടക്കം ചെയ്യണം. ടെലിവിഷന്‍ വിഭാഗത്തില്‍ മലയാളം, ഇംഗ്ലീഷ് ചാനലുകളില്‍ സംപ്രേഷണം ചെയ്ത അഞ്ച് മിനിറ്റില്‍ കവിയാത്ത റിപോര്‍ട്ടുകളാണ് പരിഗണിക്കുക.
മികച്ച വാര്‍ത്തയ്ക്ക് പുറമെ മികച്ച വീഡിയോഗ്രാഫര്‍ക്കും മലയാളം ദൃശ്യ മാധ്യമ വിഭാഗത്തില്‍ അവാര്‍ഡ് നല്‍കും. ദൃശ്യ മാധ്യമ വിഭാഗത്തിലെ എന്‍ട്രികള്‍ പെന്‍ഡ്രൈവിലോ ഇമെയില്‍ വഴിയോ ആണ് നല്‍കേണ്ടത്. റിപോര്‍ട്ടിന്റെ ടൈറ്റില്‍, ഉള്ളടക്കം, ദൈര്‍ഘ്യം, വിവരണപാഠം എന്നിവ ഇതിനൊപ്പം രേഖപ്പെടുത്തണം. മലയാളത്തില്‍ ഓണ്‍ലൈന്‍ മാധ്യമങ്ങളിലെ മികച്ച വാര്‍ത്തയ്ക്കും പുരസ്‌കാരമുണ്ട്.
ഒരാളില്‍ നിന്ന് ഒരു വിഷയത്തില്‍ ഒരു എന്‍ട്രി മാത്രമേ സ്വീകരിക്കൂ. ഒരാള്‍ക്കു തന്നെ ഒന്നിലേറെ വിഷയങ്ങളെ ആസ്പദമാക്കിയുള്ള എന്‍ട്രികള്‍ സമര്‍പ്പിക്കാം. അപേക്ഷകന്റെ ബയോഡാറ്റ, കളര്‍ ഫോട്ടോ, മാധ്യമ സ്ഥാപനത്തിന്റെ പേര്, തീയതി, ഫോണ്‍ നമ്പര്‍ എന്നിവ മറ്റൊരു പേജില്‍ രേഖപ്പെടുത്തി സമര്‍പ്പിക്കണം. അയക്കുന്ന വാര്‍ത്തകളില്‍ പേരോ ദൃശ്യമാധ്യമ വീഡിയോകളില്‍ വാര്‍ത്ത ചെയ്ത മാധ്യമ പ്രവര്‍ത്തകനെ തിരിച്ചറിയുന്ന ദൃശ്യങ്ങളോ ഇല്ലെങ്കില്‍ എന്‍ട്രി അപേക്ഷകന്റേത് തന്നെയാണെന്ന് സാക്ഷ്യപ്പെടുത്തിക്കൊണ്ടുള്ള ന്യൂസ് എഡിറ്ററുടെയോ മറ്റ് അധികാരിയുടെയോ സര്‍ട്ടിഫിക്കറ്റ് അപേക്ഷയോടൊപ്പം ഉണ്ടായിരിക്കണം.
തപാല്‍ വഴി അപേക്ഷിക്കുന്നവര്‍ കവറിന് പുറത്ത് 'സ്വരാജ് മാധ്യമപുരസ്‌കാരം 2026 അപേക്ഷ' എന്ന് വ്യക്തമായി രേഖപ്പെടുത്തണം. എന്‍ട്രികള്‍ 2026 ഫെബ്രുവരി 13നകം ചീഫ് ഓഫീസര്‍, പബ്ലിക് റിലേഷന്‍സ്, എല്‍എസ്ജിഡി പ്രിന്‍സിപ്പല്‍ ഡയറക്ടറേറ്റ്, സ്വരാജ് ഭവന്‍, നന്തന്‍കോട്, തിരുവനന്തപുരം- 695003 എന്ന വിലാസത്തില്‍ ലഭിക്കണം. lsgdpr2024@gmail.com എന്ന ഇമെയില്‍ വിലാസം വഴിയും അപേക്ഷകള്‍ സമര്‍പ്പിക്കാവുന്നതാണ്.

