തദ്ദേശ തിരഞ്ഞെടുപ്പ്: എഐ പ്രചാരണങ്ങള്‍ക്ക് കര്‍ശന നിരീക്ഷണമേര്‍പ്പെടുത്തി തിരഞ്ഞെടുപ്പ് കമ്മീഷന്‍

വ്യാജ ചിത്രങ്ങളും ശബ്ദ സന്ദേശങ്ങളും ഉപയോഗിച്ചുള്ള പ്രചാരണങ്ങളില്‍ നടപടിയുണ്ടാകും- തിരഞ്ഞെടുപ്പ് കമ്മീഷന്‍

Update: 2025-11-16 11:44 GMT

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പില്‍ എഐ പ്രചാരണങ്ങള്‍ക്ക് കര്‍ശന നിരീക്ഷണം ഏര്‍പ്പെടുത്തി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍. വ്യാജ ചിത്രങ്ങളും ശബ്ദ സന്ദേശങ്ങളും ഉപയോഗിച്ചുള്ള പ്രചാരണങ്ങളില്‍ നടപടിയുണ്ടാകുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. എഐ പ്രചാരണങ്ങള്‍ പൊതുസമൂഹത്തെ തെറ്റിദ്ധരിപ്പിക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍. രാഷ്ട്രീയപാര്‍ട്ടികളുടെ ഔദ്യോഗിക പേജുകളില്‍ ഇത്തരം ഉള്ളടക്കമുണ്ടെങ്കില്‍ നീക്കം ചെയ്യണം. ഡീപ്പ് ഫേക്ക് വീഡിയോ, ഓഡിയോ പ്രചാരണം അനുവദിക്കില്ല. എഐ പ്രചാരണങ്ങളില്‍ നിര്‍മാതാവിന്റെ പേരു വിവരങ്ങള്‍ നല്‍കണമെന്നും നിര്‍ദേശം. ഇക്കാര്യം രാഷ്ട്രീയ പാര്‍ട്ടികളെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു.

ഇത്തവണ രണ്ടു ഘട്ടമായാണ് സംസ്ഥാത്ത് തദ്ദേശ തിരഞ്ഞെടുപ്പ് നടക്കുന്നത്. സംസ്ഥാനത്ത് മട്ടന്നൂര്‍ നഗരസഭ ഒഴികെയുള്ള 1,199 തദ്ദേശസ്ഥാപനങ്ങളിലേക്കാണ് ഡിസംബര്‍ ഒന്‍പത്, 11 തീയതികളില്‍ തിരഞ്ഞെടുപ്പ് നടക്കുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, ഇടുക്കി, എറണാകുളം എന്നീ ജില്ലകളില്‍ ഡിസംബര്‍ ഒന്‍പതിനും തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് എന്നീ ജില്ലകളില്‍ ഡിസംബര്‍ 11നുമാണ് തിരഞ്ഞെടുപ്പ്.

തദ്ദേശ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് 2.86 കോടി വോട്ടേഴ്‌സാണുള്ളത്. 1.51 കോടി സ്ത്രീ വോട്ടേഴ്‌സും 1.35 കോടി പുരുഷ വോട്ടര്‍മാരും. 289 ട്രാന്‍സ്‌ജെന്റേഴ്‌സ് വോട്ടര്‍മാരും സംസ്ഥാനത്തുണ്ട്. തിരഞ്ഞെടുപ്പ് പ്രചാരണങ്ങളിലേക്ക് സംസ്ഥാനം സജീവമാവുകയാണ്. നവംബര്‍ 21നാണ് പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി. നാമനിര്‍ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന നവംബര്‍ 22ന് നടക്കും. നവംബര്‍ 24നാണ് പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി. ഡിസംബര്‍ 13നാണ് വോട്ടെണ്ണല്‍. 2020ലെ തിരഞ്ഞെടുപ്പില്‍ ആകെ 1,16,969 പേരാണ് നാമനിര്‍ദേശ പത്രിക നല്‍കിയിരുന്നത്. എന്നാല്‍ 74,835 സ്ഥാനാര്‍ഥികളാണ് അന്ന് മല്‍സരരംഗത്തുണ്ടായിരുന്നത്.