തദ്ദേശ തിരഞ്ഞെടുപ്പ്: 'വെല്‍ഫെയര്‍ പാര്‍ട്ടിയുടെ പിന്തുണ സ്വീകരിക്കും'-വി ഡി സതീശന്‍

Update: 2025-11-10 13:31 GMT

എറണാകുളം: കേരളത്തിലെ തദ്ദേശ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് ഉജ്ജ്വല വിജയം നേടുമെന്നും വെല്‍ഫെയര്‍ പാര്‍ട്ടി പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ടെന്നും അത് സ്വീകരിക്കുമെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു. തദ്ദേശ സ്ഥാപനങ്ങള്‍ പിടിച്ചെടുക്കുകയല്ല, പകരം സര്‍ക്കാരിനെ വിചാരണ ചെയ്യുകയാണ് ലക്ഷ്യം. ഇപ്പോള്‍ കേരളം ഭരിക്കുന്നത് ജനവിരുദ്ധസര്‍ക്കാര്‍ ആണെന്നുള്ളത് ജനങ്ങളെ ബോധിപ്പിക്കും. കണക്കുകള്‍ പ്രകാരം ഏറ്റവും കൂടുതല്‍ വിലക്കയറ്റമുള്ള സംസ്ഥാനമാണ് കേരളം.

ശബരിമല സ്വര്‍ണക്കൊള്ളയില്‍ സിപിഎം നിയമിച്ച മൂന്നു പ്രസിഡന്റുമാര്‍ക്ക് പങ്കുണ്ട്. സംസ്ഥാനത്തെ കാര്‍ഷിക മേഖല വലിയ പ്രതിസന്ധിയിലാണ്. തീരദേശത്തോടും മലയോര മേഖലയോടും വലിയ രീതിയിലുള്ള അവഗണനയാണ് കാണിക്കുന്നത്. മലയോര മേഖല വന്യ ജീവികള്‍ക്ക് ഇട്ടു കൊടുത്തിരിക്കുകയാണെന്നു പറഞ്ഞ പ്രതിപക്ഷ നേതാവ് ആരോഗ്യ രംഗവും തകരാറിലാണെന്ന് പറഞ്ഞു.

തദ്ദേശ തിരഞ്ഞെടുപ്പിനായുള്ള മുന്നൊരുക്കങ്ങളില്‍ മറ്റെല്ലാ മുന്നണികളെക്കാളും മുന്നിലാണ് യുഡിഎഫ്. കോട്ടയം ജില്ലയില്‍ സാഹചര്യം മാറും. കോഴിക്കോട് ജില്ലയില്‍ സീറ്റു വിഭജനം പൂര്‍ത്തിയാകും. അപൂര്‍വ്വം സീറ്റുകളില്‍ മാത്രമാണ് തര്‍ക്കമുള്ളത്. പ്രവര്‍ത്തകരെല്ലാം തിരഞ്ഞെടുപ്പിനായുള്ള ആവേശത്തിലാണ്. എറണാകുളം ജില്ലയിലെ പഞ്ചായത്തുകളില്‍ നേരത്തെ സ്ഥാനാര്‍ത്ഥി നിര്‍ണയം പൂര്‍ത്തിയാക്കിയെന്നും വി ഡി സതീശന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.