തദ്ദേശ തിരഞ്ഞെടുപ്പ്; സീറ്റു ലഭിച്ചില്ല, കോഴിക്കോട്ട് ഡിസിസി ജനറല്‍ സെക്രട്ടറിയും ലീഗ് കൗണ്‍സിലറും രാജിവച്ചു

Update: 2025-11-15 08:07 GMT

കോഴിക്കോട്: തദ്ദേശ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥി നിര്‍ണയത്തെച്ചൊല്ലി തര്‍ക്കം. സീറ്റു ലഭിക്കാത്തതില്‍ പ്രതിഷേധിച്ച് കോഴിക്കോട് ഡിസിസി സെക്രട്ടറി എന്‍ വി ബാബുരാജ് രാജിവച്ചു. ജനറല്‍ സെക്രട്ടറി സ്ഥാനവും പ്രാഥമിക അംഗത്വവും രാജിവെക്കുന്നതായി ബാബുരാജ് വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. എരഞ്ഞിപ്പാലം വാര്‍ഡില്‍ സ്ഥാനാര്‍ഥിയെ നൂലില്‍ കെട്ടിയിറക്കിയെന്നും മുതിര്‍ന്ന നേതാക്കളുടെ അഭാവം കോഴിക്കോട്ട് കോണ്‍ഗ്രസിന്റെ പതനത്തിനു കാരണമായെന്നും ബാബുരാജ് ആരോപിച്ചു.

സീറ്റു ലഭിക്കാത്തതില്‍ പ്രതിഷേധിച്ച് മുസ്ലിം ലീഗ് കൗണ്‍സിലറും രാജിവച്ചു. കോഴിക്കോട് മൂന്നാലുങ്കല്‍ കൗണ്‍സിലര്‍ റംലത്താണ് രാജി വച്ചത്. വനിതാ ലീഗ് നോര്‍ത്ത് മണ്ഡലം പ്രസിഡന്റായിരുന്നു റംലത്ത്. നേരത്തെ, ചാലപ്പുറം മണ്ഡലം കമ്മിറ്റി പ്രസിഡന്റ് അയ്യൂബും കൗണ്‍സിലര്‍ അല്‍ഫോന്‍സയും ഉള്‍പ്പെടെയുള്ളവര്‍ രാജിവച്ചിരുന്നു. അവസാന ഘട്ട സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കാനിരിക്കെയാണ് ഡിസിസി സെക്രട്ടറിയുടെ രാജി.

നേരത്തെ നടക്കാവ് കൗണ്‍സിലര്‍ അല്‍ഫോന്‍സ രാജിവെച്ച് ആം ആദ്മി പാര്‍ട്ടിയില്‍ ചേര്‍ന്നിരുന്നു. എഐസിസി സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലിനും ദീപാ ദാസ് മുന്‍ഷിക്കും ബാബുരാജ് പരാതി നല്‍കിയിട്ടുണ്ട്. കഴിഞ്ഞ ദിവസം എരഞ്ഞിപ്പാലം സീറ്റ് ലിഗിനു നല്‍കാന്‍ തീരുമാനിച്ചിരുന്നു. മുന്നണി മര്യാദകള്‍ പാലിക്കാമെന്ന് താന്‍ അറിയിച്ചു. എന്നാല്‍ കൈപ്പത്തി ചിഹ്നം തന്നെ വേണമെന്ന് പിന്നീട് തീരുമാനിച്ചു. പക്ഷേ, വാര്‍ഡുമായി ഒരു ബന്ധവുമില്ലാത്ത വ്യക്തിയെ സ്ഥാനാര്‍ഥിയാക്കുകയാണ് ചെയ്തത്. അദ്ദേഹത്തിന് പാര്‍ട്ടിയില്‍ പദവിയില്ലെന്നും എന്നാല്‍ പദവികളുള്ളവരെ തഴഞ്ഞെന്നും ബാബുരാജ് ആരോപിച്ചു. അതിനാല്‍ പാര്‍ട്ടിയില്‍ നിന്നും രാജിവയ്ക്കുന്നതായും ബാബുരാജ് വ്യക്തമാക്കി. മറ്റ് പാര്‍ട്ടികളിലേക്ക് പോകുന്നതോ തിരഞ്ഞെടുപ്പില്‍ സ്വതന്ത്രനായി മല്‍സരിക്കുന്നതോ തീരുമാനിച്ചിട്ടില്ലെന്നും ബാബുരാജ് കൂട്ടിച്ചേര്‍ത്തു.

'നാലര വര്‍ഷമായി പാര്‍ട്ടിയില്‍ യാതൊരു പ്രവര്‍ത്തനവും നടത്താത്ത ഒരു മുന്‍ ബ്ലോക്ക് പ്രസിഡന്റിനെ വാര്‍ഡ് 65ല്‍ നൂലില്‍ കെട്ടി സ്ഥാനാര്‍ഥിയാക്കിയിരിക്കുകയാണ്. പാര്‍ട്ടിക്കല്ല, സിസ്റ്റത്തിനാണ് തകരാര്‍. കോഴിക്കോട് സിപിഐഎം-കോണ്‍ഗ്രസ് നെക്സസാണ്. അഴിമതിയുടെ കൂടാരത്തിലെ പങ്ക് കച്ചവടക്കാരാണ്. കോണ്‍ഗ്രസില്‍ പ്രതികരിക്കാന്‍ ആളില്ലാതായി', ബാബുരാജ് പറഞ്ഞു.