തദ്ദേശ തിരഞ്ഞെടുപ്പ്; കൊച്ചി കോര്‍പറേഷനില്‍ യുഡിഎഫിന്റെ അനുനയ നീക്കം ഫലം കണ്ടില്ല, ഒന്‍പതിടങ്ങളില്‍ വിമത സ്ഥാനാര്‍ഥികള്‍

കോണ്‍ഗ്രസ് നേതാക്കളടക്കമുള്ളവരാണ് വിമതരായി മല്‍സരരംഗത്തുള്ളത്, നടപടിയുണ്ടാകുമെന്ന് ഡിസിസി പ്രസിഡന്റ് ഷിയാസ്

Update: 2025-11-24 13:53 GMT

കൊച്ചി: തദ്ദേശ തിരഞ്ഞെടുപ്പില്‍ കൊച്ചി കോര്‍പ്പറേഷനില്‍ മല്‍സരരംഗത്തു നിന്ന് പിന്മാറാതെ യുഡിഎഫ് വിമതര്‍. ഒമ്പത് വിമതരാണ് മല്‍സരിക്കുന്നത്. കോണ്‍ഗ്രസ് നേതാക്കളടക്കമുള്ളവരാണ് വിമതരായി മല്‍സരരംഗത്തുള്ളത്. പത്രിക പിന്‍വലിക്കാനുള്ള സമയം ഇന്ന് പൂര്‍ത്തിയായതോടെ ഇവര്‍ മല്‍സരരംഗത്തുണ്ടാകുമെന്ന് ഏറെക്കുറെ ഉറപ്പാണ്. വിമതരായി മല്‍സരിക്കുന്നവരുടെ പത്രിക പിന്‍ലവിക്കുന്നതുമായി ബന്ധപ്പെട്ടുള്ള യുഡിഎഫിന്റെ സമവായ നീക്കങ്ങള്‍ ഫലം കണ്ടില്ല.

കൊച്ചി കോണത്ത് ഡിവിഷനില്‍ മുന്‍ ഡെപ്യൂട്ടി മേയര്‍ പ്രേംകുമാറാണ് വിമതനായി മല്‍സരിക്കുന്നത്. ഗിരിനഗറില്‍ മഹിളാ കോണ്‍ഗ്രസ് നേതാവും സിറ്റിങ് കൗണ്‍സിലറുമായ മാലിനി കുറുപ്പ്. പാലാരിവട്ടത്ത് മുന്‍ കൗണ്‍സിലറും യുഡിഎഫ് തൃക്കാക്കര നിയോജകമണ്ഡലം ചെയര്‍മാനുമായ ജോസഫ് അലക്‌സ്. ചുള്ളിക്കലിലെ സിറ്റിങ് കൗണ്‍സിലര്‍ ബാസ്റ്റിന്‍ ബാബു എന്നിവരാണ് വിമതരായി മല്‍സരിക്കുന്ന പ്രമുഖര്‍.

മാനശ്ശേരി ഡിവിഷനില്‍ കോണ്‍ഗ്രസ് ബ്ലോക്ക് സെക്രട്ടറി സോഫിയ രാജുവും മുണ്ടന്‍വേലി ഈസ്റ്റ് ഡിവിഷനനില്‍ കോണ്‍ഗ്രസ് മണ്ഡലം കമ്മറ്റി പ്രസിഡന്റ് ആഷ്‌ലിയും മല്‍സരിക്കും. മൂലംകുഴി ഡിവിഷന്‍ കോണ്‍ഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡന്റ് സോണിയും പള്ളുരുത്തിയില്‍ മഹിളാ കോണ്‍ഗ്രസ് പ്രവര്‍ത്തകയും ബ്ലോക്ക് സെക്രട്ടറിയുമായ ഹസീനയും മല്‍സരിക്കും.

അതേസമയം തദ്ദേശ തിരഞ്ഞെടുപ്പില്‍ യുഡിഎഫിലെ വിമത ഭീഷണിയില്‍ പ്രതികരണവുമായി എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് രംഗത്തെത്തി. പത്രിക പിന്‍വലിക്കാത്തവരെ പുറത്താക്കുമെന്ന് ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് പറഞ്ഞു. കുറച്ചു പേരെ അനുനയിപ്പിച്ച് പിന്തിരിപ്പിക്കാന്‍ സാധിച്ചു. വിജയസാധ്യത നോക്കിയാണ് സ്ഥാനാര്‍ഥികളെ നിര്‍ണ്ണയിച്ചതെന്നും ജനറല്‍ സീറ്റില്‍ വനിതകള്‍ മല്‍സരിക്കുന്നതില്‍ എന്താണ് കുഴപ്പമെന്നും മുഹമ്മദ് ഷിയാസ് ചോദിച്ചു.