തദ്ദേശ തിരഞ്ഞെടുപ്പ്; നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പണം ഇന്ന് അവസാനിക്കും
സൂക്ഷ്മ പരിശോധന നാളെ നടക്കും
തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നതിനുള്ള നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കേണ്ട അവസാന തീയതി ഇന്ന്. വൈകിട്ട് മൂന്നു മണി വരെ സ്ഥാനാര്‍ഥികള്‍ക്ക് നേരിട്ടോ നിര്‍ദേശകന്‍ വഴിയോ പത്രിക സമര്‍പ്പിക്കാം. നാളെയാണ് സൂക്ഷ്മ പരിശോധന. സൂക്ഷ്മ പരിശോധനക്കു ശേഷം സ്ഥാനാര്‍ഥികളുടെ അന്തിമ പട്ടിക റിട്ടേണിങ് ഓഫീസര്‍ പ്രസിദ്ധീകരിക്കും. നവംബര്‍ 24നാണ് സ്ഥാനാര്‍ഥിത്വം പിന്‍വലിക്കാനുള്ള അവസാന തീയതി. ഇതുവരെ 95,369 പത്രികകളാണ് സംസ്ഥാനത്താകമാനം ലഭിച്ചത്. ഇന്നലെ മാത്രം 50,707 പത്രികകള്‍ ലഭിച്ചു. അവസാന ദിവസമായ ഇന്നും മുന്നണികള്‍ പത്രിക സമര്‍പ്പിക്കും.
തദ്ദേശ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി പൊതുനിരത്തുകളില്‍ അനധികൃത ബാനറുകളും പോസ്റ്ററുകളും ഫ്‌ലക്‌സ് ബോര്‍ഡുകളും സ്ഥാപിക്കുന്നതിനെതിരേ മുന്നറിയിപ്പുമായി ഹൈക്കോടതി. ഇത്തരം ബോര്‍ഡുകള്‍ സ്ഥാപിക്കുന്നവര്‍ക്കെതിരേ ശക്തമായി നടപടിയെടുക്കണമെന്ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ നിര്‍ദേശം നല്‍കി. അനധികൃതമായി സ്ഥാപിച്ച ബോര്‍ഡുകളും ബാനറുകളും രണ്ടാഴ്ചയ്ക്കകം നീക്കം ചെയ്യണമെന്നാണ് നിര്‍ദ്ദേശം. ഉത്തരവാദികളില്‍ നിന്ന് പിഴ ഈടാക്കുന്നതുള്‍പ്പെടെയുള്ള ശിക്ഷാ നടപടികള്‍ സ്വീകരിക്കണമെന്നും ഹൈക്കോടതി ഉത്തരവിട്ടു. സ്ഥാനാര്‍ഥികള്‍, രാഷ്ട്രീയ പാര്‍ട്ടികള്‍ എന്നിവരില്‍ നിന്ന് പിഴ ഈടാക്കുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കാന്‍ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനോടും ജില്ലാ തിരഞ്ഞെടുപ്പ് ഓഫിസര്‍മാരോടും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ നിര്‍ദേശിച്ചു.
