തദ്ദേശ തിരഞ്ഞെടുപ്പ്; ഉദ്യോഗസ്ഥര്‍ക്കുള്ള പോസ്റ്റല്‍ ബാലറ്റ് വിതരണം ഇന്നുമുതല്‍
തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പ് ജോലിയില്‍ നിയോഗിക്കപ്പെട്ടവര്‍ക്കുള്ള പോസ്റ്റല്‍ ബാലറ്റ് വിതരണം ഇന്നുമുതല്‍ ആരംഭിക്കും. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ ജീവനക്കാര്‍, ഇലക്ഷന്‍ വിഭാഗം ജീവനക്കാര്‍, ഒബ്സര്‍വര്‍മാര്‍, സെക്ടറല്‍ ഓഫീസര്‍മാര്‍, ആന്റി ഡിഫെയ്സ്മെന്റ് സ്‌ക്വാഡ്, തിരഞ്ഞെടുപ്പ് സുരക്ഷാ ചുമതലകളിലെ പോലിസ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കാണ് പോസ്റ്റല്‍ ബാലറ്റിന് അര്‍ഹതയുള്ളത്. ഇലക്ഷന്‍ ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ടവര്‍, തിരഞ്ഞെടുപ്പ് ഡ്യൂട്ടിയില്‍ നിയോഗിച്ചുകൊണ്ട് പുറപ്പെടുവിച്ച ഉത്തരവിന്റെ ശരിപകര്‍പ്പ് സഹിതം നിശ്ചിത ഫോറത്തിലാണ് അപേക്ഷിക്കേണ്ടത്. ത്രിതലപഞ്ചായത്തുകളില്‍ മൂന്നു ബാലറ്റുകളും മുനിസിപ്പാലിറ്റി, കോര്‍പ്പറേഷന്‍ എന്നിവയിലേയ്ക്ക് ഓരോ ബാലറ്റുമാണ് നല്‍കേണ്ടത്.
പോളിങ് ഡ്യൂട്ടിയുള്ള സമ്മതിദായകരുടെ തപാല്‍ വോട്ടിനുള്ള അപേക്ഷ കൃത്യമായി സ്വീകരിക്കുന്നതിനുള്ള ക്രമീകരണം ഏര്‍പ്പെടുത്തുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. തിരഞ്ഞെടുപ്പ് ഡ്യൂട്ടിയില്‍ ഏര്‍പ്പെടുന്ന ജീവനക്കാരെ അവരുടെ ഡ്യൂട്ടി നിര്‍വചിച്ചും അതിലേക്ക് നിയോഗിച്ചും കൊണ്ട് ബന്ധപ്പെട്ട ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍, ജില്ലാ പോലിസ് മേധാവികള്‍, വരണാധികാരികള്‍, ഉപവരണാധികാരികള്‍ എന്നിവര്‍ യഥാസമയം ഉത്തരവ് പുറപ്പെടുവിക്കണമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദ്ദേശിച്ചു. അതേസമയം, പോസ്റ്റല്‍ ബാലറ്റ് പേപ്പറുകളുടെയും വോട്ടിങ് യന്ത്രങ്ങളില്‍ പതിപ്പിക്കുന്ന ബാലറ്റ് ലേബലുകളുടെയും അച്ചടി വിവിധ സര്‍ക്കാര്‍ പ്രസ്സുകളില്‍ ആരംഭിച്ചതായും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു.
തിരഞ്ഞെടുപ്പ് ജോലിക്കായി 2,56,934 ഉദ്യോഗസ്ഥരെ നിയോഗിച്ചതായും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. കമ്മീഷന്‍ ഇന്നലെ പുറത്തുവിട്ട പുതിയ കണക്കു പ്രകാരം ആകെ 75,632 സ്ഥാനാര്‍ഥികളാണ് അന്തിമ പട്ടികയിലുള്ളത്. ഇതില്‍ 36,027 പുരുഷന്മാരും 39,604 സ്ത്രീകളും ഒരു ട്രാന്‍സ്‌ജെന്‍ഡര്‍ സ്ഥാനാര്‍ഥിയുമാണുള്ളത്. സ്ഥാനാര്‍ഥി പട്ടിക അന്തിമമാക്കുകയും സ്വതന്ത്രര്‍ക്കടക്കം ചിഹ്നം അനുവദിക്കുകയും ചെയ്തതോടെ ഇന്നലെ മുതല്‍ സ്ഥാനാര്‍ഥികള്‍ പ്രചാരണം കൂടുതല്‍ ശക്തമാക്കിയിട്ടുണ്ട്.
