തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിനു മുന്നോടിയായി എല്‍ഡിഎഫ് പ്രകടനപത്രിക പ്രകാശനം ചെയ്തു. എകെജി സെന്ററില്‍ നടന്ന ചടങ്ങില്‍ ഇടതുമുന്നണിയുടെ പ്രകടന പത്രിക സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും എല്‍ഡിഎഫ് കണ്‍വീനര്‍ ടി പി രാമകൃഷ്ണനും ചേര്‍ന്നാണ് പുറത്തിറക്കിയത്. അതിദാരിദ്ര്യമുക്ത പദ്ധതിയുടെ തുടര്‍ച്ചയായി കേവല ദാരിദ്ര്യ നിര്‍മാര്‍ജന പദ്ധതിയുള്‍പ്പെടെ പ്രകടനപത്രികയിലുണ്ട്. കേരളത്തെ സമ്പൂര്‍ണ പോഷകാഹാര സംസ്ഥാനമാക്കുകയും ജനകീയ ഭക്ഷണ ശാലകള്‍ ആരംഭിക്കുകയും ചെയ്യും. എല്ലാവര്‍ക്കും ഭക്ഷണമെന്ന ലക്ഷ്യം നടപ്പാക്കും എന്നീ കാര്യങ്ങളെല്ലാം പ്രകടനപത്രികയിലുണ്ട്.
തെരുവു നായ ശല്യം പരിഹരിക്കാന്‍ പ്രത്യേക ഷെല്‍ട്ടറുകള്‍ തുടങ്ങും. എല്ലാ തദ്ദേശ സ്ഥാപനങ്ങള്‍ക്കും കീഴില്‍ തെരുവു നായ്ക്കളെ കൂട്ടത്തോടെ പാര്‍പ്പിക്കാനുള്ള സങ്കേതങ്ങളൊരുക്കും. 20 ലക്ഷം സ്ത്രീകള്‍ക്ക് അടുത്ത അഞ്ചു വര്‍ഷം കൊണ്ട് തൊഴില്‍ നല്‍കും. ലൈഫ് പദ്ധതിയില്‍ ഉള്‍പ്പെടാത്ത ഭവനരഹിതര്‍ക്ക് അടുത്ത അഞ്ചു വര്‍ഷത്തിനുള്ളില്‍ വീടു നല്‍കും. വിദ്യാഭ്യാസ മേഖലയില്‍ അഞ്ചു വര്‍ഷം കൊണ്ട് ദേശീയ പെര്‍ഫോമന്‍സ് ഗ്രേഡിങ് ഇന്‍ഡക്സില്‍ ഒന്നാമതെത്തിക്കും. മിനിമം മാര്‍ക്ക് നടപ്പിലാക്കാന്‍ വിപുലമായ പഠന പിന്തുണ പ്രസ്ഥാനം സൃഷ്ടിക്കും. തീര ദേശങ്ങളില്‍ കടലിന്റെ 50 മീറ്റര്‍ പരിധിയില്‍ വസിക്കുന്ന എല്ലാവര്‍ക്കും പുനര്‍ഗേഹം പദ്ധതിയില്‍ ഉള്‍പ്പെടുത്തി പുനരധിവാസം ഉറപ്പാക്കും. കുടുംബ ശ്രീ വഴി ഈ സാമ്പത്തിക വര്‍ഷം പൂര്‍ത്തിയാകും മുന്‍പ് മൂന്നു ലക്ഷം തൊഴില്‍ നല്‍കും എന്നിങ്ങനെയുള്ള വാഗ്ദാനങ്ങളാണ് പ്രകടനപത്രികയിലുള്ളത്. കേരളത്തിന്റെ മലയോരമേഖലയില്‍ ഏറ്റവും ഗൗരവമേറിയ പ്രശ്നം മനുഷ്യ-വന്യജീവി സംഘര്‍ഷമാണ്. ആ പ്രശ്നത്തില്‍ ഫലപ്രദമായ ഇടപെടലാണ് കേരള സര്‍ക്കാര്‍ നിയമനിര്‍മാണത്തിലൂടെ നടപ്പാക്കാന്‍ ശ്രമിച്ചത്. പക്ഷേ ആ നിയമം നിര്‍മിച്ചെങ്കിലും അത് ഗവര്‍ണര്‍ അംഗീകരിക്കപ്പെടുന്ന നിലയിലേക്കെത്തിച്ചേര്‍ന്നിട്ടില്ലെന്ന് പ്രകടന പത്രികയില്‍ പറയുന്നുണ്ടെന്നും അതിനുള്ള പരിശ്രമം തുടരുമെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.
