തദ്ദേശ തിരഞ്ഞെടുപ്പ്; അരിയില്‍ ഷുക്കൂര്‍ വധക്കേസ് പ്രതിയെ സ്ഥാനാര്‍ഥിയാക്കി സിപിഎം

കേസിലെ 28ാം പ്രതിയായ പി പി സുരേശനാണ് പട്ടുവം പഞ്ചായത്തില്‍ മല്‍സരിക്കുന്നത്

Update: 2025-11-14 13:23 GMT

കണ്ണൂര്‍: എംഎസ്എഫ് നേതാവായിരുന്ന അരിയില്‍ ഷുക്കൂര്‍ വധക്കേസിലെ പ്രതി സിപിഎം സ്ഥാനാര്‍ഥി. കേസിലെ 28ാം പ്രതിയായ പി പി സുരേശന്‍ പട്ടുവം പഞ്ചായത്തിലെ 14ാം വാര്‍ഡിലാണ് മല്‍സരിക്കുന്നത്. മുസ്ലിം ലീഗ് വിദ്യാര്‍ഥി വിഭാഗമായ എംഎസ്എഫിന്റെ തളിപ്പറമ്പ് മണ്ഡലം ട്രഷററായിരുന്ന അരിയില്‍ ഷുക്കൂര്‍ 2012 ഫെബ്രുവരി 20നാണ് കൊല്ലപ്പെടുന്നത്. 24 വയസിലാണ് ഷുക്കൂര്‍ കൊല്ലപ്പെട്ടത്. കേസിന്റെ വിചാരണ നടപടികള്‍ ഈ വര്‍ഷം മെയിലാണ് ആരംഭിച്ചത്.

ഷുക്കൂറിനെ കണ്ണപുരം കീഴറയിലെ വള്ളുവന്‍കടവിനടുത്ത് രണ്ടര മണിക്കൂറോളം ബന്ദിയാക്കിയ ശേഷമായിരുന്നു കൊലപാതകം. ചെറുകുന്ന് കീഴറയില്‍ വെച്ചാണ് ഷുക്കൂര്‍ കൊല്ലപ്പെട്ടത്. 33 പ്രതികളുള്ള കേസില്‍ സിപിഎം ജില്ലാ സെക്രട്ടറിയായിരുന്ന പി ജയരാജനും ടി വി രാജേഷും പ്രതികളാണ്. സിപിഎം പ്രവര്‍ത്തകര്‍ സംഘടിച്ചെത്തി ഷുക്കൂറിനെ പരസ്യവിചാരണ നടത്തി വെട്ടിക്കൊലപ്പെടുത്തിയെന്നാണ് ആരോപണം. സിബിഐയാണ് പി ജയാരാജനെയും ടി വി രാജേഷിനെയും പ്രതി ചേര്‍ത്തത്.