തദ്ദേശ തിരഞ്ഞെടുപ്പ്; തിരുവനന്തപുരം കോര്‍പ്പറേഷനിലേക്കുള്ള ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പുറത്തുവിട്ട് ബിജെപി
ആദ്യഘട്ടത്തില്‍ 67 സ്ഥാനാര്‍ത്ഥികളെയാണ് പ്രഖ്യാപിച്ചത്, ഡിജിപിയായിരുന്ന ആര്‍ ശ്രീലേഖ ശാസ്തമംഗലത്ത് മല്‍സരിക്കും
തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരം കോര്‍പ്പറേഷനിലെ ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പുറത്തുവിട്ട് ബിജെപി. ആദ്യഘട്ടത്തില്‍ 67 സ്ഥാനാര്‍ത്ഥികളെയാണ് പ്രഖ്യാപിച്ചത്. ഡിജിപിയായിരുന്ന ആര്‍ ശ്രീലേഖ ബിജെപി സ്ഥാനാര്‍ത്ഥിയായി ശാസ്തമംഗലം വാര്‍ഡില്‍ മല്‍സരിക്കും. മുന്‍ കായിക താരവും സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സെക്രട്ടറിയുമായ പദ്മിനി തോമസ് പാളയത്ത് മല്‍സരിക്കും. ബിജെപി സംസ്ഥാന സെക്രട്ടറി വി വി രാജേഷ് കൊടുങ്ങാനൂരില്‍ മല്‍സരിക്കും. കോണ്‍ഗ്രസ് വിട്ട് ബിജെപിയിലെത്തിയവര്‍ക്കും സീറ്റു നല്‍കിയിട്ടുണ്ട്.
ദേവിമ(തിരുമല), കരമന അജി(കരമന), എം ആര്‍ ഗോപന്‍(നേമം), ടി എസ് അനില്‍കുമാര്‍(പേരുര്‍ക്കട), അനില്‍ കഴക്കൂട്ടം(കഴക്കൂട്ടം) എന്നിവര്‍ ബിജെപി സ്ഥാനാര്‍ത്ഥികളാകും. കോണ്‍ഗ്രസ് വിട്ട് ബിജെപിയിലെത്തിയ കെ മഹേശ്വരന്‍ നായര്‍, തമ്പാനൂര്‍ സതീഷ് എന്നിവരും മല്‍സരിക്കും. സിറ്റിങ് കൗണ്‍സിലര്‍മാരില്‍ ഭൂരിഭാഗം പേരും ഇത്തവണയും മല്‍സരിക്കും. മഹേശ്വരന്‍ നായര്‍ പുന്നയ്ക്കാമുകളില്‍നിന്നാണ് മല്‍സരിക്കുന്നത്. തലസ്ഥാനത്ത് കഴിഞ്ഞതവണ 35 സീറ്റിലാണ് ബിജെപി വിജയിച്ചിരുന്നത്.