തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്താകെ മല്‍സരിക്കുന്നത് 39,609 സ്ത്രീകളും, 36,034 പുരുഷന്‍മാരും, ഒരു ട്രാന്‍സ്ജെന്‍ഡറുമടക്കം 75,644 സ്ഥാനാര്‍ഥികള്‍. സ്ഥാനാര്‍ഥികളുടെ ശരാശരി സ്ത്രീ സ്ഥാനാര്‍ഥി പ്രാതിനിധ്യം 52.36% ആണ്.
ഗ്രാമപഞ്ചായത്ത് തലത്തില്‍ 29,262 സ്ത്രീ സ്ഥാനാര്‍ഥികളും 26,168 പുരുഷ സ്ഥാനാര്‍ഥികളും ഉണ്ട്. ബ്ലോക്ക് പഞ്ചായത്ത് തലത്തില്‍ 3,583 സ്ത്രീകളും 3,525 പുരുഷന്‍മാരുമാണ് മല്‍സരിക്കുന്നത്. ജില്ലാ പഞ്ചായത്തിലേക്ക് 672 പുരുഷന്‍മാരും 602 സ്ത്രീകളുമാണ് സ്ഥാനാര്‍ഥികളായുള്ളത്. മുനിസിപ്പാലിറ്റികളില്‍ 5,221 വനിതകളും 4,810 പുരുഷന്മാരും, കോര്‍പ്പറേഷനുകളില്‍ 941 സ്ത്രീകളും 859 പുരുഷന്മാരുമാണ് സ്ഥാനാര്‍ഥികളായി മല്‍സരിക്കുന്നത്.
സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ സ്ഥാനാര്‍ഥികള്‍ മല്‍സരിക്കുന്നത് തിരുവനന്തപുരം കോര്‍പ്പറേഷനിലെ പേട്ട വാര്‍ഡിലാണ് . 11 പേരാണ് ഇവിടെ മല്‍സരരംഗത്തുള്ളത്. അതേസമയം, ഒറ്റ സ്ഥാനാര്‍ഥി മാത്രം ഉണ്ടായിരുന്ന 16 വാര്‍ഡുകളില്‍ സ്ഥാനാര്‍ഥികള്‍ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. ഇതില്‍ കണ്ണൂര്‍ ജില്ലയിലെ ആന്തൂര്‍ മുനിസിപ്പാലിറ്റിയിലെ 5 വാര്‍ഡുകളും, കണ്ണപുരം ഗ്രാമപഞ്ചായത്തിലെ 6 വാര്‍ഡുകളും, മലപ്പട്ടം ഗ്രാമപഞ്ചായത്തിലെ 3 വാര്‍ഡുകളും കാസര്‍ഗോഡ് ജില്ലയിലെ മടിക്കൈ, മംഗല്‍പാടി ഗ്രാമപഞ്ചായത്തുകളിലെ ഓരോ വാര്‍ഡും ഉള്‍പ്പെടും.
