രാഷ്ട്രീയ ജീവിതം അവസാനിപ്പിക്കുന്നുവെന്ന് കട്ടപ്പന നഗരസഭയില്‍ തോറ്റ യുഡിഎഫ് സ്ഥാനാര്‍ഥി ഇ എം അഗസ്തി
കട്ടപ്പന: രാഷ്ട്രീയ ജീവിതം അവസാനിപ്പിക്കുന്നതായി പ്രഖ്യാപിച്ച് കട്ടപ്പന നഗരസഭയിലേക്ക് ജനവിധി തേടിയിരുന്ന മുന്‍ എംഎല്‍എ, ഇ എം അഗസ്തി.കനത്ത തോല്‍വി നേരിട്ടതിന് പിന്നാലെയാണ് തീരുമാനം.ഫെയ്സ്ബുക്ക് കുറിപ്പിലാണ് ഇനിമുതല്‍ വേദിയിലുണ്ടാവില്ല, പകരം ശ്രോതാവായിരിക്കും എന്ന് അഗസ്തി അറിയിച്ചത്. എഐസിസി അംഗമാണ് അഡ്വ. ഇ എം ആഗസ്തി. കട്ടപ്പന നഗരസഭയിലെ 22-ാം വാര്‍ഡായ ഇരുപതേക്കറില്‍ സിപിഎമ്മിലെ സി ആര്‍ മുരളിയാണ് ഇ എം ആഗസ്തിയെ പരാജയപ്പെടുത്തിയത്.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ എം എം മണിക്കെതിരേ, ഉടുമ്പന്‍ചോലയില്‍ പരാജയപ്പെട്ടതിന് പിന്നാലെ ആഗസ്തി തല മൊട്ടയടിച്ചിരുന്നു. ജനവിധി മാനിച്ചുകൊണ്ട് വിജയിച്ചവര്‍ക്ക് അഭിനന്ദനങ്ങളും ആശംസകളും നേരുന്നു. അരനൂറ്റാണ്ടിലേറെ നീണ്ടു നിന്ന രാഷ്ട്രീയ ജീവിതം അവസാനിപ്പിക്കാനുള്ള സമയമായി എന്ന വസ്തുത മനസ്സിലാക്കുന്നുവെന്നും ഈ കാലയളവില്‍ കൂടെ നിന്ന് പ്രവര്‍ത്തിച്ചവര്‍ക്ക് നന്ദി രേഖപ്പെടുത്തുന്നുവെന്നും അഗസ്തി ഫെയ്‌സ്ബുക്കില്‍ കുറിച്ചു. ജീവിതകാലം മുഴുവന്‍ കോണ്‍ഗ്രസ് പാര്‍ട്ടിക്ക് വേണ്ടി പ്രവര്‍ത്തിക്കും. പക്ഷേ ഇനി മുതല്‍ വേദിയിലുണ്ടാവില്ല. പകരം സദസ്സിലുണ്ടാവും. പ്രസംഗിക്കുവാനുണ്ടാകില്ലെന്നും ശ്രോതാവായിരിക്കുമെന്നും അഗസ്തി കുറിച്ചു.