കേരളത്തോട് വീണ്ടും അവഗണന; കടമെടുക്കാവുന്ന തുകയില്‍ 3,300 കോടി വെട്ടി കേന്ദ്രം
തിരുവനന്തപുരം: കേരള സര്‍ക്കാരിന് ഈ വര്‍ഷം കടമെടുക്കാവുന്ന തുകയില്‍നിന്ന് ഒറ്റയടിക്ക് 3,300 കോടി രൂപ കേന്ദ്രസര്‍ക്കാര്‍ വെട്ടി. 2025 ഡിസംബര്‍ വരെ 29,529 കോടി രൂപ കടം എടുക്കാമെന്നറിയിച്ച് ധനമന്ത്രാലയം കഴിഞ്ഞ ദിവസം കത്ത് നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് 3,300 കോടി വെട്ടിക്കുറക്കുകയാണെന്ന അറിയിപ്പും എത്തിയിരിക്കുന്നത്. വിവിധ സ്ഥാപനങ്ങളുടെ വായ്പയ്ക്കു സര്‍ക്കാര്‍ ഗാരന്റി നില്‍ക്കുന്നതിനുള്ള റിഡംപ്ഷന്‍ ഫണ്ട് രൂപീകരിച്ചില്ലെന്ന കാരണം പറഞ്ഞാണ് ഇത്തവണത്തെ വെട്ടിക്കുറയ്ക്കല്‍. ഫണ്ട് രൂപീകരിച്ച് അതിലേക്ക് 600 കോടി രൂപ നിക്ഷേപിച്ചാലേ 3,300 കോടി രൂപ കടമെടുക്കാന്‍ ഇനി കേന്ദ്രം അനുമതി നല്‍കൂ. സര്‍ക്കാര്‍ ഗാരന്റിയുടെ പുറത്താണു സംസ്ഥാന സര്‍ക്കാരിനു കീഴിലെ വിവിധ സ്ഥാപനങ്ങള്‍ ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നു വായ്പയെടുക്കുന്നത്. വായ്പ തിരിച്ചടച്ചില്ലെങ്കില്‍ സര്‍ക്കാര്‍ നല്‍കണമെന്നതാണു ഗാരന്റി. സ്ഥാപനങ്ങള്‍ പണം അടയ്ക്കുന്നതിനാല്‍ സര്‍ക്കാരിനു ബാധ്യത വരാറില്ല.