ലിവര്‍പൂളിനെ തകര്‍ത്ത് എഫ്എ കമ്മ്യൂണിറ്റി ഷീല്‍ഡ് ജേതാക്കളായി ക്രിസ്റ്റല്‍ പാലസ്

നാലുമാസത്തിനിടെ പാലസിന്റെ രണ്ടാം കിരീടമാണിത്

Update: 2025-08-11 04:20 GMT

ലണ്ടന്‍ ഇംഗ്ലണ്ടിലിത് പാലസിന്റെ കാലമാണ്. 119 വര്‍ഷങ്ങള്‍ക്കിപ്പുറം ആദ്യ കിരീടത്തില്‍ മുത്തമിട്ടതിന് പിന്നാലെ എഫ്എ കമ്മ്യൂണിറ്റി ഷീല്‍ഡിലെ നേട്ടം. വെംബ്ലി സ്റ്റേഡിയത്തില്‍ നടന്ന മല്‍സരത്തില്‍ പ്രീമിയര്‍ ലീഗ് ജേതാക്കളായ ലിവര്‍പൂളുമായി നിശ്ചിത സമയത്തും അധിക സമയത്തും ഇരു ടീമുകളും 2-2 എന്ന നിലയില്‍ സമനില പാലിച്ചു.

പുതിയ സൈനിംങുകളായ് വിര്‍ട്‌സിന്റെ അസിസ്റ്റില്‍ നിന്ന് മത്സരത്തിന്റെ നാലാം മിനിറ്റില്‍ ഹ്യൂഗോ എകിറ്റികെ ലിവര്‍പൂളിനായി ആദ്യ ഗോള്‍ നേടി.

എന്നാല്‍ 17-ാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റി ഗോളാക്കി മാറ്റി ജീന്‍-ഫിലിപ്പ് മാറ്റേറ്റ ക്രിസ്റ്റല്‍ പാലസിനെ ഒപ്പമെത്തിച്ചു. 21-ാം മിനിറ്റില്‍ മറ്റൊരു പുതിയ താരം ജെറമി ഫ്രിംപോങ് ലിവര്‍പൂളിന് വീണ്ടും ലീഡ് നല്‍കി. രണ്ടാം പകുതിയില്‍ ശക്തമായി തിരിച്ചുവന്ന പാലസ് 77-ാം മിനിറ്റില്‍ ഇസ്മായില സാറിന്റെ ഗോളിലൂടെ ക്രിസ്റ്റല്‍ പാലസ് വീണ്ടുംഒപ്പമെത്തി.

തുടര്‍ന്ന് പെനാല്‍റ്റി ഷൂട്ടൗട്ടിലേക്കു നീങ്ങിയ മല്‍സരത്തില്‍ ഗോള്‍കീപ്പര്‍ ഹെന്‍ഡേഴ്‌സന്റെ മികവില്‍ 3-2 എന്ന സ്‌കോറിന് വിജയിക്കുകയായിരുന്നു. പെനാല്‍റ്റി ഷൂട്ടൗട്ടില്‍ ലിവര്‍പൂളിന്റെ മുഹമ്മദ് സലാഹിന്റെ ഉള്‍പ്പടെ മൂന്ന് സേവുകളായിരുന്നു ഹെന്‍ഡേഴ്‌സന്‍ നേടിയത്.എഫ്എ കമ്മ്യൂണിറ്റി ഷീല്‍ഡ് കിരീടം ഇതാദ്യമായാണ് ക്രിസ്റ്റല്‍ പാലസ് സ്വന്തമാക്കുന്നത്