മദ്യ നയക്കേസ്; ഡല്‍ഹി മുഖ്യമന്ത്രി കെജ്‌രിവാള്‍ അറസ്റ്റില്‍

Update: 2024-03-21 16:11 GMT

ന്യൂഡല്‍ഹി: മദ്യനയക്കേസില്‍ ഡല്‍ഹി മുഖ്യമന്ത്രിയും എഎപി ദേശീയ കണ്‍വീനറുമായ അരവിന്ദ് കെജ് രിവാളിനെ അറസ്റ്റ് ചെയ്തു. അറസ്റ്റില്‍നിന്നു ഇടക്കാല സംരക്ഷണം തേടി നല്‍കിയ ഹരജി ഹൈക്കോടതി തള്ളിയതിനു തൊട്ടുപിന്നാലെയാണ് ഇഡി അറസ്റ്റ് ചെയ്തത്. ചോദ്യം ചെയ്യലിന് ഹാജരാവണമെന്ന് ആവശ്യപ്പെട്ട് ഇഡി തുടര്‍ച്ചയായി അയക്കുന്ന സമന്‍സുകള്‍ക്കെതിരേയാണ് കോടതിയെ സമീപിച്ചത്. ഒമ്പത് സമന്‍സുകളാണ് ഇഡി ഇതുവരെ അരവിന്ദ് കെജ് രിവാളിന് അയച്ചത്. എന്നാല്‍ ഇഡിക്ക് മുന്നില്‍ ഹാജരാവാന്‍ അദ്ദേഹം തയ്യാറായിരുന്നില്ല. ഞായറാഴ്ചയാണ് ഇഡി ഒമ്പതാമത്തെ സമന്‍സ് അയച്ചതിന് പിന്നാലെ വീണ്ടും ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

    നേരത്തേ ഇഡി നല്‍കിയ രണ്ട് പരാതികളില്‍ ഡല്‍ഹിയിലെ കോടതിയില്‍ നിന്ന് അദ്ദേഹത്തിന് ജാമ്യം ലഭിച്ചിരുന്നു. ചോദ്യം ചെയ്യലിന് ഹാജരാവാത്ത കെജ്‌രിവാളിനെ പ്രോസിക്യൂട്ട് ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് ഇഡി ഒടുവില്‍ കോടതിയെ സമീപിച്ചത്. ഡല്‍ഹി മദ്യനയ കേസിന്റെ കുറ്റപത്രത്തില്‍ പലതവണ കെജ് രിവാളിന്റെ പേര് പരാമര്‍ശിക്കപ്പെടുന്നുണ്ടെന്നാണ് ഇഡിയുടെ വാദം. 2021-22ലെ മദ്യനയം രൂപീകരണ സമയത്ത് കേസിലെ പ്രതികള്‍ കെജ് രിവാളുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടിരുന്നുവെന്നും ഇഡി ആരോപിക്കുന്നു. കേസുമായി ബന്ധപ്പെട്ട് എഎപി നേതാക്കളായ മനീഷ് സിസോദിയ, സഞ്ജയ് സിങ്, പാര്‍ട്ടിയുടെ കമ്യൂണിക്കേഷന്‍ ഇന്‍ചാര്‍ജ് വിജയ് നായര്‍, ചില മദ്യവ്യവസായികള്‍ എന്നിവരെ ഇഡി നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. തെലങ്കാനയിലെ ബിആര്‍എസ് നേതാവ് കെ കവിതയേയും കഴിഞ്ഞയാഴ്ച ഇഡി അറസ്റ്റ് ചെയ്തിരുന്നു. കെജ്‌രിവാളും സിസോദിയയും ഉള്‍പ്പെടെയുള്ള എഎപി നേതാക്കളുമായി ചേര്‍ന്ന് കവിത ഗൂഢാലോചന നടത്തിയെന്നാണ് ഇഡിയുടെ ആരോപണം. ലോക്‌സഭാ തിരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ എത്തിനില്‍ക്കെ ഇന്‍ഡ്യ മുന്നണിയിലെ പ്രധാന കക്ഷിയായ എഎപിയുടെ രാജ്യതലസ്ഥാനത്തെ മുഖ്യമന്ത്രിയെ തന്നെ അറസ്റ്റ് ചെയ്തത് വന്‍ വിവാദത്തിന് കാരണമായേക്കും.

Tags:    

Similar News