കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് മദ്യവും നിരോധിത പുകയില ഉത്പന്നങ്ങളും പിടികൂടി
ഇതിന് മുന്‍പും സമാനമായ സാഹചര്യം കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ ഉണ്ടായിരുന്നു
കണ്ണൂര്‍: കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് വീണ്ടും മദ്യവും നിരോധിത പുകയില ഉത്പന്നങ്ങളും പിടികൂടി. ജയിലിലെ ആശുപത്രി ബ്ലോക്കിന്റെ ശുചിമുറിക്ക് സമീപമാണ് രണ്ട് കുപ്പി മദ്യവും ഹാന്‍സ് ഉള്‍പ്പെടെ പുകയില വസ്തുക്കളും കണ്ടെത്തിയത്. സഞ്ചിയിലാക്കി പുറത്തുനിന്ന് എറിഞ്ഞ് കൊടുത്തതാണെന്നാണ് സംശയം. ജയില്‍ സൂപ്രണ്ടിന്റെ പരാതിയില്‍ ടൗണ്‍ പോലിസ് കേസെടുത്തു.
ഇതിന് മുന്‍പും സമാനമായ സാഹചര്യം കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ ഉണ്ടായിരുന്നു. അഞ്ചാം ബ്ലോക്കിന്റെ പിന്‍വശത്തുള്ള കല്ലിനടിയില്‍ ഒളിപ്പിച്ച നിലയില്‍ ഒരു ഫോണ്‍ അടക്കം കണ്ടെത്തിയിരുന്നു. മൂന്ന് കുപ്പി മദ്യവും മൂന്ന് പാക്കറ്റ് സിഗരറ്റും ജയില്‍ ആശുപത്രിയുടെ മതിലിന് പിറകിലുള്ള ശുചിമുറിക്ക് അടുത്തുനിന്ന് കണ്ടെത്തുകയും ചെയ്തിരുന്നു. ജയില്‍ അധികൃതരുടെ തുടര്‍ച്ചയായ വീഴ്ചയാണ് ഇതോടെ ചൂണ്ടിക്കാട്ടപ്പെടുന്നത്.