അവിഹിതബന്ധവും സാമ്പത്തിക തട്ടിപ്പും; ലെഫ്റ്റനന്റ് കേണലിന് രണ്ടുവര്‍ഷം കഠിനതടവ്
ഉത്തര്‍പ്രദേശ്: അവിഹിതബന്ധവും സാമ്പത്തിക തട്ടിപ്പും ഉള്‍പ്പെടെ ഗുരുതരമായ കുറ്റങ്ങള്‍ തെളിഞ്ഞതിനെ തുടര്‍ന്ന് ലെഫ്റ്റനന്റ് കേണല്‍ അവിനാശ് ഗുപ്തയ്ക്ക് രണ്ടുവര്‍ഷം കഠിനതടവും അനാദരവോടെ പിരിച്ചുവിടലും വിധിച്ച് ജനറല്‍ കോര്‍ട്ട് മാര്‍ഷല്‍ (ജിസിഎം). ഫത്തേഗഢിലെ രജപുത് റെജിമെന്റല്‍ സെന്ററിന് കീഴില്‍ സേവനമനുഷ്ഠിച്ചിരുന്ന ആര്‍മി സര്‍വീസ് കോര്‍പ്‌സിലെ (എഎസ്‌സി) ഉദ്യോഗസ്ഥനാണ് ഗുപ്ത.
വ്യോമസേന ഓഫീസറായ ഭാര്യ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു നടപടികള്‍. ഭര്‍ത്താവ് മറ്റൊരു സ്ത്രീയുമായി താമസിച്ചുവെന്നും, തന്റെ പേരില്‍ മെഡിക്കല്‍ കാര്‍ഡ് ഉണ്ടാക്കി അതില്‍ യുവതിയുടെ ചിത്രം ഒട്ടിച്ച് ചികില്‍സ തേടിയെന്നും, യുവതിയുടെ പേരിലുള്ള ഗ്യാസ് കണക്ഷന്‍ തന്റെ ഔദ്യോഗിക വിലാസത്തിലേക്ക് മാറ്റിയെന്നും ഭാര്യ മൊഴി നല്‍കി.
യുവതി കുടുംബസുഹൃത്താണെന്നായിരിന്നു ഗുപ്തയുടെ വാദം. എന്നാല്‍ അയല്‍ക്കാരുടെയും വീട്ടിലെ ജീവനക്കാരിയുടെയും മൊഴികള്‍ പരിഗണിച്ച കോടതി, ഇരുവരും ഭാര്യാഭര്‍ത്താക്കന്‍മാരെപ്പോലെ ജീവിച്ചിരുന്നതായി കണ്ടെത്തി. അതിനുപുറമെ, വ്യാജ രേഖകളുടെ സഹായത്തോടെ റെയില്‍വേ ടിക്കറ്റുകള്‍ ബുക്ക് ചെയ്തതും തെറ്റായ വിവരങ്ങള്‍ നല്‍കി വീട്ടുവാടക അലവന്‍സ് തട്ടിയെടുത്തതുമാണ് കണ്ടെത്തിയത്. ഡല്‍ഹിയില്‍ ഉയര്‍ന്ന വാടകയുള്ള വീട്ടില്‍ താമസിക്കുകയാണെന്ന് ഗുപ്ത അവകാശപ്പെട്ടിരുന്നെങ്കിലും, യഥാര്‍ത്ഥത്തില്‍ ഭാര്യയും മകളും ലഖ്നൗവിലായിരുന്നു താമസിച്ചിരുന്നതെന്ന് തെളിഞ്ഞു.
അവിഹിതബന്ധം, വ്യാജരേഖ ചമക്കല്‍, സാമ്പത്തിക തട്ടിപ്പ്, തെറ്റായ വിവരങ്ങള്‍ നല്‍കല്‍ എന്നിങ്ങനെ നാലു കുറ്റങ്ങളില്‍ ഗുപ്തയ്‌ക്കെതിരേ ജിസിഎം വിധി വന്നു. വിധിപ്രഖ്യാപനത്തോടൊപ്പം ലെഫ്റ്റനന്റ് കേണല്‍ അവിനാശ് ഗുപ്തയെ അനാദരവോടെ പിരിച്ചുവിടുകയും രണ്ടുവര്‍ഷം കഠിനതടവിന് വിധിക്കുകയും ചെയ്തു.
