ഡിഡിയു ജികെവൈ പദ്ധതിയിലെ ക്രമക്കേടുകള്‍ കണ്ടെത്തുന്നതിനായി വിജിലന്‍സിന്റെ മിന്നല്‍ പരിശോധന
തിരുവനന്തപുരം: ഗ്രാമീണ മേഖലയിലെ യുവജനങ്ങള്‍ക്ക് നൈപുണ്യ പരിശീലനം നല്‍കുന്നതിനായി കേന്ദ്ര ഗ്രാമീണ വികസന മന്ത്രാലയം നടപ്പാക്കുന്ന ഡിഡിയു ജികെവൈ പദ്ധതിയുടെ നടത്തിപ്പില്‍ ക്രമക്കേടുണ്ടെന്ന വിവരത്തെ തുടര്‍ന്ന് വിജിലന്‍സ് വ്യാപക മിന്നല്‍ പരിശോധന ആരംഭിച്ചു. പദ്ധതി നിര്‍വഹണ ഏജന്‍സികളില്‍ തട്ടിപ്പും സാമ്പത്തിക അനിയമിതത്വങ്ങളും നടക്കുന്നതായി ലഭിച്ച രഹസ്യ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് നടപടി.
പദ്ധതിയുടെ ആകെ ചെലവിന്റെ 60 ശതമാനം കേന്ദ്ര സര്‍ക്കാരാണ് വഹിക്കുന്നത്. അംഗീകൃത നിര്‍വഹണ ഏജന്‍സികളിലൂടെ പരിശീലന പരിപാടികള്‍ നടപ്പാക്കുന്നതാണ് പദ്ധതിയുടെ രീതി. എന്നാല്‍ പരിശീലനം നല്‍കാതെയും പരിശീലനാര്‍ഥികള്‍ക്ക് അഡ്മിഷന്‍ നല്‍കിയതായി വ്യാജ രേഖകള്‍ സൃഷ്ടിച്ചതായും, പരിശീലനം പൂര്‍ത്തിയാക്കിയവര്‍ക്ക് തൊഴില്‍ ലഭിച്ചതായി കാണിക്കാന്‍ വ്യാജ ശമ്പള സര്‍ട്ടിഫിക്കറ്റുകളും ബാങ്ക് സ്‌റ്റേറ്റ്‌മെന്റുകളും സമര്‍പ്പിച്ച് ഫണ്ട് തട്ടിയെടുത്തതായും വിജിലന്‍സിന് വിവരം ലഭിച്ചിട്ടുണ്ട്.
പരിശീലന കേന്ദ്രങ്ങള്‍ക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പാക്കാതെ പദ്ധതികള്‍ അനുവദിച്ചതായും, ചില ഏജന്‍സികള്‍ സ്വന്തം ജീവനക്കാരെ പരിശീലനാര്‍ഥികളായി രേഖപ്പെടുത്തി അനധികൃതമായി തുക കൈപ്പറ്റിയതായും പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തി. ഇതിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന 47 പദ്ധതി നിര്‍വഹണ ഏജന്‍സികളിലും ഡിഡിയു ജികെവൈ സംസ്ഥാന ഓഫീസിലും 14 ജില്ലാ നിര്‍വഹണ ഓഫീസുകളിലും ഉള്‍പ്പെടെ ആകെ 62 ഇടങ്ങളില്‍ 'ഓപ്പറേഷന്‍ സ്‌കില്‍ ഗാര്‍ഡ്' എന്ന പേരില്‍ ഇന്ന് രാവിലെ മുതല്‍ മിന്നല്‍ പരിശോധന ആരംഭിച്ചു.
അഴിമതിയുമായി ബന്ധപ്പെട്ട വിശ്വാസ്യതയുള്ള വിവരങ്ങള്‍ പൊതുജനങ്ങള്‍ വിജിലന്‍സിന്റെ ടോള്‍ ഫ്രീ നമ്പറായ 1064, 8592900900, 944778910 (വാട്ട്‌സ്ആപ്പ്) എന്നീ നമ്പറുകളില്‍ അറിയിക്കണമെന്ന് വിജിലന്‍സ് ഡയറക്ടര്‍ അറിയിച്ചു.
